അഗളി: അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ മേലേ മൂലക്കൊമ്പ് ഊരിനോട് ചേര്‍ന്ന് വന്‍ ഉരുള്‍പൊട്ടല്‍. ഊരില്‍ നിന്ന് 300 മീറ്റര്‍ മുകളിലായി വനത്തിനകത്താണ് വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ ഉരുള്‍ പൊട്ടിയത്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് തുടര്‍ച്ചയായി മഴ പെയ്തതിനാല്‍ ഉറവങ്കരപ്പള്ളം തോട് കരകവിഞ്ഞൊഴുകുകയാണ്. ഇരു കരകളിലുമുള്ള കൃഷികള്‍ വെള്ളത്തിനടിയിലായി. മലയിടിച്ചിലില്‍ മൂന്ന് കോണ്‍ക്രീറ്റ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാട നഞ്ചന്‍, നഞ്ചി ആലന്‍, ശകുന്തള മരുതന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഊരിലേക്കുള്ള ഒരു കിലോമീറ്ററോളം വരുന്ന റോഡ് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. വൈദ്യുതി ബന്ധം തകര്‍ന്നെങ്കിലും വൈകീട്ടോടെ പുനഃസ്ഥാപിച്ചു. ശകുന്തളയുടെ ഭര്‍ത്താവ് മരുതനാണ് വന്‍ ശബ്ദം കേട്ട് ആദ്യം ഉണര്‍ന്നത്. പുറത്തിറങ്ങിയ ഇയാള്‍ മലവെള്ളം പാഞ്ഞു വരുന്നതു കണ്ട് ബഹളം കൂട്ടി. സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കമുള്ളവരേയും കൂട്ടി സുരക്ഷിതമായ സ്ഥലത്തേക്ക് ഉടന്‍ മാറിയതിനാല്‍ ആളപായമുണ്ടായില്ല. ആട്, കോഴി വീടിനകത്തുണ്ടായിരുന്ന വസ്ത്രമടക്കമുള്ള സാധന സാമഗ്രികള്‍ എന്നിവ മലവെള്ളപ്പാച്ചിലില്‍ നഷ്ടപ്പെട്ടു. മഴ കനത്താല്‍ വീണ്ടും ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ മൂന്ന് കുടുംബങ്ങളേയും മേലേമൂലക്കൊമ്പിലെ അഹാഡ്സിന്‍െറ കമ്യുണിറ്റി ഹാളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഇവിടെയുള്ള 70 കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി. ഇവര്‍ പുഴയിലെ കലക്കവെള്ളമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത് കോളറയടക്കം പകര്‍ച്ചവ്യാധികള്‍ പടരാനിടയാക്കും. പുതൂര്‍ ടൗണില്‍ നിന്ന് ആറ് കിലോമീറ്ററോളം വനത്തിനകത്തായാണ് മൂലക്കൊമ്പ് ഊര് സ്ഥിതി ചെയ്യുന്നത്. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഈശ്വരിരേശന്‍െറ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി. രാധാകൃഷ്ണന്‍, സി.പി.ഐ അട്ടപ്പാടി മണ്ഡലം സെക്രട്ടറി റോയ് ജോസഫ്, റവന്യു ഉദ്യോഗസ്ഥര്‍, അഗളി പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.