ഷൊര്‍ണൂര്‍: ഗൃഹാതുര സ്മരണകളുണര്‍ത്തി വള്ളുവനാടന്‍ ഗ്രാമങ്ങളിലെ വീടുകളില്‍ ‘മണ്‍പണി’ സജീവമായി. ധനുമാസത്തിലെ തിരുവാതിര മഹോത്സവത്തിന് മുമ്പാണ് വീടുകളില്‍ മണ്‍പണി നടക്കുക. ഇതിനിടെ ദിവസങ്ങളോളം പെയ്ത ശക്തമായ മഴ മണ്‍പണിക്ക് തടസ്സമായിരുന്നു. മഴ പോയ ഉടനെ വീട്ടുകാര്‍ മണ്‍പണിയില്‍ തകൃതിയാവുകയായിരുന്നു. വീടിന്‍െറ പടിപ്പുര മുതല്‍ നാലു പുറവും മണ്ണ് കുഴച്ച് തേച്ച് പിടിപ്പിച്ച് തേപ്പ് പലകയോ ചേറ്റാടിയോ കൊണ്ട് തേച്ച് പൂര്‍ത്തിയാക്കുന്നത് വള്ളുവനാട്ടിലെ ആചാരപ്രധാനമായ ഒരു പ്രവൃത്തിയായിരുന്നു. മകരക്കൊയ്ത്ത് കഴിഞ്ഞ് മുറ്റങ്ങളിലും മറ്റും കൊണ്ടിടുന്ന നെല്ല് മെതിക്കുന്നതിനും ഉണക്കുന്നതിനുമാണ് ഇത് പ്രധാനമായും ഉദ്ദേശിച്ചിരുന്നത്. മുറ്റത്തോ തിണ്ടുകളിലോ ഉള്ള വിടവുകളടച്ച് പരമാവധി നെല്‍മണികള്‍ നഷ്ടപ്പെടാതിരിക്കാനുള്ള കര്‍ഷകരുടെ മുന്നൊരുക്കം കൂടിയായിരുന്നു ഇത്. മുറ്റവും തിണ്ടുകളും മണ്ണ് കുഴച്ച് തേച്ച് ഉണക്കിയ ശേഷം ചാണകം കൂടി മെഴുകിയാല്‍ സിമന്‍റിട്ട നിലത്തിന്‍െറ ഗുണമാണ് ലഭിക്കുന്നത്. കാലക്രമേണ മുറ്റവും അനുബന്ധ സ്ഥലങ്ങളും കോണ്‍ക്രീറ്റാക്കുകയും മുറ്റത്തിന് ചുറ്റും അരമതിലുകള്‍ നിര്‍മിക്കുകയും ചെയ്തതോടെ മണ്‍പണിക്ക് പ്രാധാന്യമില്ലാതായി. മുറ്റങ്ങളില്‍ സിമന്‍റ് കട്ടകള്‍ പാകുന്ന സംവിധാനം കൂടി വന്നതോടെ വീടുകളിലെ മണ്‍പണി ഗൃഹാതുര സ്മരണയായി മാറി. എന്നാല്‍ ഇപ്പോള്‍ മണ്‍പണിയും ഇതോട് ചേര്‍ത്തുവെക്കുന്ന കാര്‍ഷിക സംസ്കാരവും വള്ളുവനാടന്‍ ഗ്രാമങ്ങളില്‍ സജീവമായി കാണുന്നുവെന്നത് ഇടക്കാലത്തിന് ശേഷമുണ്ടാകുന്ന ശുഭകരമായ കാര്യമായാണ് പഴയ തലമുറക്കാര്‍ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.