വിക്ടോറിയ കോളജ് വികസന ഫണ്ടിന്മേല്‍ മരാമത്ത് വകുപ്പ് അടയിരിക്കുന്നു

പാലക്കാട്: ഗവ. വിക്ടോറിയ കോളജ് പി.ജി ബ്ളോക്കിന് അനുവദിച്ച മൂന്നുകോടി രൂപക്ക് മേല്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അടയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തുക കൈമാറിയിട്ടും കെട്ടിടത്തിന്‍െറ പ്ളാന്‍പോലും പൊതുമരാമത്ത് വകുപ്പ് തയാറാക്കിയിട്ടില്ല. 125 വര്‍ഷം പിന്നിടുന്ന ഗവ. വിക്ടോറിയ കോളജിന് പൈതൃക പദ്ധതി പ്രകാരം അനുവദിച്ച ഫണ്ടാണ് മരാമത്ത് വകുപ്പിന്‍െറ അലംഭാവംമൂലം ഫലശൂന്യമായത്. 125ാം വാര്‍ഷികത്തിന്‍െറ ഭാഗമായി അടിസ്ഥാന സൗകര്യവികസനത്തിനാണ് ഫണ്ട് അനുവദിച്ചത്. പുരാതന മാതൃകയില്‍ കെട്ടിടത്തിന്‍െറ രൂപരേഖ തയാറാക്കാനായിരുന്നു നിര്‍ദേശം. പൊതുമരാമത്ത് കെട്ടിട വിഭാഗം പാലക്കാട് ഡിവിഷനാണ് ചുമതലയേല്‍പ്പിച്ചത്. പ്ളാന്‍ തയാറാക്കാന്‍ തിരുവനന്തപുരത്തെ ബന്ധപ്പെട്ട സെക്ഷനിലേക്ക് അയച്ചതായി പറയുന്നുണ്ടെങ്കിലും രണ്ട് വര്‍ഷത്തോളമായിട്ടും നടപടി മുന്നോട്ടുനീങ്ങിയിട്ടില്ല. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പ്രിന്‍സിപ്പലിന്‍െറ ക്വാര്‍ട്ടേഴ്സ് പുതുക്കിപ്പണിയാന്‍ സമര്‍പ്പിച്ച ശിപാര്‍ശയും പൊതുമരാമത്ത് വകുപ്പ് മുഖവിലയ്ക്കെടുത്തിട്ടില്ല. 125ാം വാര്‍ഷികത്തിന്‍െറ ഉദ്ഘാടനവേളയില്‍ ഓഡിറ്റോറിയം പുതുക്കിപ്പണിയാന്‍ രണ്ട് കോടി അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാഗ്ദാനം നല്‍കിയിരുന്നു. ഇതുപ്രകാരം പ്ളാന്‍ തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം ലഭിച്ചെങ്കിലും വിപുലമായ സൗകര്യമുള്ള കണ്‍വെന്‍ഷന്‍ സെന്‍ററിനുള്ള 25 കോടിയുടെ രൂപരേഖയാണ് സമര്‍പ്പിച്ചത്. ഇതുമൂലം ഫണ്ട് ലഭ്യമാവുമോയെന്ന ആശങ്കയിലാണ് കോളജ് അധികൃതര്‍. ലൂഡി ലൂയിസ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ലാബിന് 50 ലക്ഷം അനുവദിച്ചെങ്കിലും പ്രവൃത്തി നടന്നിട്ടില്ല. കോമേഴ്സ് ഓണേഴ്സ് കോഴ്സുമായി ബന്ധപ്പെട്ട് ഒന്നര കോടി അനുവദിച്ചിട്ടുണ്ടെങ്കിലും ഫണ്ട് ലഭ്യമായിട്ടില്ല. കെട്ടിടങ്ങളുടെ കുറവുമൂലം പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ പ്രയാസപ്പെടുന്ന കോളജിന് പൊതുമരാമത്ത് വകുപ്പിന്‍െറ നിസ്സഹകരണം മൂലം 125ാം വാര്‍ഷികവേളയില്‍ ഒരു മന്ദിരംപോലും പൂര്‍ത്തിയാക്കാനായില്ല. ഡിസംബര്‍ 29നാണ് വാര്‍ഷികത്തിന്‍െറ സമാപനം. മലയാളം, ഹിന്ദി, സംസ്കൃതം എം.എക്ക് വാഴ്സിറ്റി അനുമതി പാലക്കാട്: ഗവ. വിക്ടോറിയ കോളജില്‍ മലയാളം, ഹിന്ദി, സംസ്കൃതം എം.എ കോഴ്സുകള്‍ തുടങ്ങാന്‍ കാലിക്കറ്റ് വാഴ്സിറ്റി അനുമതി നല്‍കി. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ കോഴ്സുകള്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.