ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍ പുതിയ എസ്.ഐമാര്‍

കൂറ്റനാട്: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ പൊലീസ് സ്റ്റേഷനുകളില്‍ പുതിയ എസ്.ഐമാരെ നിയോഗിച്ചു. ജില്ലയില്‍ 17 പേരെയാണ് വിവിധ സ്റ്റേഷനുകളിലായി ചുമതല നല്‍കിയിട്ടുള്ളത്. ഇതോടെ തൃത്താല മേഖലയിലെ മണ്ണ്, മണല്‍ മാഫിയകളെ തടയിടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. നേരത്തേ ഉണ്ടായിരുന്നവര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എടുത്തിരുന്നെങ്കിലും ഭരണ-പ്രതിപക്ഷ-രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മൂലം ഇവരും ഏറെ ബുദ്ധിമുട്ടിയിരുന്നു. തൃത്താലയിലുണ്ടായിരുന്ന എസ്.ഐ ശ്രീനിവാസനെ പട്ടാമ്പി ട്രാഫിക്കിലേക്കും ചാലിശ്ശേരിയിലുണ്ടായിരുന്ന എസ്.ഐ വിജയനെ പട്ടാമ്പി അഡീഷനല്‍ എസ്.ഐയായും മാറ്റിയിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തും ഇത്തരത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഭരണപക്ഷത്തിലെ ചിലരുടെ സമ്മര്‍ദത്തിന് വഴങ്ങി ചാലിശ്ശേരിയില്‍ മുമ്പുണ്ടായിരുന്ന എസ്.ഐ ശശിധരനെ ചങ്ങരംകുളത്തേക്ക് മാറ്റിയിരുന്നു. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍നിന്നുള്ള മണല്‍ മുഴുവന്‍ മലപ്പുറം ജില്ലയിലേക്കാണ് ഒഴുകുന്നതെന്നതിനാല്‍ ചങ്ങരംകുളത്തുള്ള പുതിയ നിയമനവും കൂട്ടമായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കും. സര്‍വിസിലെ ആദ്യ മൂന്നുവര്‍ഷം പ്രവര്‍ത്തന മികവ് കാണിക്കേണ്ടതിനാല്‍ ഒരുവിധത്തിലുള്ള സമ്മര്‍ദത്തിനും വഴങ്ങാന്‍ പുതിയ എസ്.ഐമാര്‍ തയാറാവില്ലന്നാണ് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.