പാണമ്പിയിലെ ആദിവാസി കുടുംബങ്ങളുടെ ദുരിതം വീണ്ടും വിസ്മൃതിയിലേക്ക്

പെരിന്തൽമണ്ണ: വാസയോഗ്യമായ വീടില്ലാത്ത താഴേക്കോട് പാണമ്പി ഇടിഞ്ഞാടിയിലെ ആദിവാസി കുടുംബങ്ങളുടെ ദുരിത ജീവിതത്തോട് പ്രളയത്തിനു ശേഷവും അധികൃതർ മുഖം തിരിച്ചുതന്നെ. ചെങ്കുത്തായ കുന്നിൻചെരിവിൽ പത്ത് കുടുംബങ്ങളാണ് കഴിയുന്നത്. ഇവർക്ക് സർക്കാർ പദ്ധതിയിൽ വീടുകളൊന്നും ലഭിച്ചിട്ടില്ല. താഴേക്കോട് പഞ്ചായത്തിലെ 42 ആദിവാസി കുടുംബങ്ങളിൽ മറ്റുള്ളവർക്കെല്ലാം വിവിധ പദ്ധതികളിൽ വീട് ലഭിച്ചിട്ടുണ്ട്. കുന്നിൻചെരിവിൽ പ്ലാസ്റ്റിക് ഷീറ്റും ഒാലയും മറച്ചാണ് ഇവരുടെ താൽക്കാലിക കൂരകൾ. വേനലിൽ കുടിവെള്ളവുമില്ല. സമ്പൂർണ ഭവന പദ്ധതി പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടക്കുന്നുണ്ടെങ്കിലും ആദിവാസികളുടെ കാര്യം ഏറ്റെടുത്ത് നടത്താൻ ഉദ്യോഗസ്ഥർക്കും പഞ്ചായത്തിനും താൽപര്യമില്ലെന്നാണ് ആക്ഷേപം. പെരിന്തൽമണ്ണ ഡയബെറ്റിക് ക്ലബി‍ൻെറ നേതൃത്വത്തിൽ പൊതുപ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും ഒരുതവണ ഇതിനായി യോഗം ചേർന്നിരുന്നു. ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് താൽക്കാലികമെങ്കിലും വാസയോഗ്യമായ ഷെഡുകൾ നിർമിച്ചുനൽകണമെന്നാണ് ഡയബറ്റിക് ക്ലബ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ച് ജില്ല കലക്ടർക്ക് നിവേദനവും നൽകിയിരുന്നു. പെരിന്തൽമണ്ണ ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ യോഗംവിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും കലക്ടർ ഉറപ്പുനൽകിയിരുന്നു. പിന്നീട് പ്രളയവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ആയതോടെ ഇക്കാര്യങ്ങൾ മുടങ്ങി. വീടുവെക്കാനാവശ്യമായ ഭൂമിയില്ലാത്തവരുമുണ്ട്. പാണമ്പി ഇടിഞ്ഞാടിക്ക് സമീപം ഉരുൾപൊട്ടിയതിനാൽ കുടുംബങ്ങളെ ഇവിെടനിന്ന് മാറ്റിയിരുന്നു. മങ്കട ചേരിയംമലയിലും വെട്ടത്തൂർ മണ്ണാർമലയിലുമാണ് ഇത്തരത്തിൽ വാസയോഗ്യമായ വീടില്ലാത്ത ആദിവാസികളുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.