നെന്മിനിയിലെ വിള്ളല്‍: ചേരിയംമലയും ഭീതിയില്‍

ജിയോളജി പരിശോധന നടന്നില്ല മങ്കട: ചേരിയം മലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജിയോളജി വകുപ്പ് പ്രദേശം സന്ദര്‍ശിച്ചില്ല. വ്യാഴാഴ്ച സംഘം സ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും എത്തിയില്ല. ചേരിയംമലയുടെ തന്നെ മറ്റൊരു ഭാഗമായ നെന്മിനി മലയില്‍ വ്യാഴാഴ്ചയുണ്ടായ വിള്ളലും പ്രശ്‌നത്തിൻെറ ഭീകരത വർധിപ്പിക്കുന്നു. ചേരിയംമല കുമാരഗിരി എസ്റ്റേറ്റ് ഉൾപ്പെടുന്ന പ്രദേശത്ത് മൂന്നിടങ്ങളിലും മലയുടെ മറുവശമായ പന്തല്ലൂര്‍ മലയില്‍ എട്ടുഭാഗത്തും ഉരുള്‍പൊട്ടി. റോഡുകള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി. ഇതോടെ മലയുടെ മുകളില്‍ പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് സ്േറ്റഷനും ഒറ്റപ്പെട്ടു. ചേരിയംമലയില്‍ മാത്രമായി മൂന്നു സ്ഥലങ്ങളിലാണ് വലിയതോതില്‍ ഉരുള്‍പൊട്ടലുണ്ടായത്. കിഴക്ക് ചെമ്പ, വെട്ടിലാല, പടിഞ്ഞാറ് ഭാഗങ്ങളിലാണ് ഈ വര്‍ഷം ഉരുള്‍പൊട്ടിയത്. വെട്ടിലാലയില്‍ താമസിക്കുന്ന ആറ് ആദിവാസി കുടുംബങ്ങളും മറ്റു ഏതാനും വീടുകളും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കൂട്ടില്‍, ചേരിയം, വേരുംപിലാക്കല്‍ ഭാഗങ്ങളില്‍നിന്നായി 20ലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷവും കുരങ്ങന്‍ചോല, പന്തല്ലൂര്‍ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ ജീവന് സുരക്ഷിതത്വം നല്‍കുന്നതിനുമായി പ്രദേശത്ത് ജിയോളജി വകുപ്പിൻെറ നേതൃത്വത്തില്‍ പരിശോധന നടത്തണമെന്നും ചേരിയം, പന്തല്ലൂര്‍ മലനിരകളിലെ ക്വാറി- ക്രഷര്‍ യൂനിറ്റുകള്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് വേരുംപിലാക്കലില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടന്നു. ചേരിയം, പന്തല്ലൂര്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന കുരങ്ങന്‍ചോലയിലും ചേരിയം കുമാരഗിരി എസ്റ്റേറ്റിലും കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഉണ്ടായ ഉരുള്‍പൊട്ടലുകളെ തുടര്‍ന്നാണ് ജനകീയ സമിതി രൂപവത്കരിച്ചത്. 'ചേരിയംമല സംരക്ഷണ സമിതി' എന്ന പേരില്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ രൂപവത്കരിച്ച സമിതി തയാറാക്കിയ റിപ്പോര്‍ട്ടില്‍ മങ്കട പഞ്ചായത്തിലെ 1, 3, 4, 5, 6, 7, 8, 9, 13 വാര്‍ഡുകളിലായി 2000 വീടുകളെ പ്രശ്‌നസാധ്യത പ്രദേശങ്ങളായി കണക്കാക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍പോലുള്ള ദുരന്തങ്ങളുണ്ടായാൽ ഇതില്‍ 10,000 ആളുകളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം പ്രകൃതിലോല പ്രദേശമായി പ്രഖ്യാപിച്ച പ്രദേശമാണിതെന്നും നിവേദനത്തില്‍ പറയുന്നു. ഉരുള്‍പൊട്ടല്‍ വിദഗ്ധ സമിതി പരിശോധിച്ച് നാട്ടുകാരുടെ ആശങ്കയകറ്റണമെന്ന ആവശ്യവുമായി 'സൈന്‍ മങ്കട'യും രംഗത്തുവന്നു. ഉരുള്‍പൊട്ടിയ പ്രദേശങ്ങള്‍ സൈന്‍ മങ്കട ടീം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച് ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. കലക്ടര്‍ അടക്കമുള്ളവര്‍ക്ക് ഈ വിഷയത്തിൽ സൈന്‍ മങ്കട നിവേദനവും നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.