തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ഡിപ്പാർട്മെന്റ് സ്റ്റുഡന്റ്സ് യൂനിയൻ (ഡി.എസ്.യു) ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വിവാദത്തിൽ. സർവകലാശാല നിർദേശിച്ച ഔദ്യോഗിക സത്യപ്രതിജ്ഞാ വാചകങ്ങൾ ഉപയോഗിക്കാതെ, സ്വന്തം നിലയിൽ സത്യപ്രതിജ്ഞ നടത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ചടങ്ങ് റദ്ദാക്കുകയും ചടങ്ങിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
ചടങ്ങിനിടെ ഡി.എസ്.യു ഭാരവാഹികൾ ‘നവലോക ക്രമത്തിനായുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട അനശ്വര രക്തസാക്ഷികളുടെ പേരിൽ’ സത്യപ്രതിജ്ഞ ചെയ്യുന്നതായി ഉച്ചരിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സർവകലാശാല നൽകിയ ഔദ്യോഗിക സത്യപ്രതിജ്ഞാ വാചകങ്ങൾ ഒഴിവാക്കി സത്യപ്രതിജ്ഞ ചെയ്താൽ അത് നിയമപരമായി നിലനിൽക്കില്ലെന്ന് വൈസ് ചാൻസലർ രണ്ടു പ്രാവശ്യം ഭാരവാഹികളെ അറിയിച്ചു. സർവകലാശാല ചട്ടങ്ങൾ അനുസരിച്ച് ദൃഢപ്രതിജ്ഞയോ ദൈവനാമത്തിൽ പ്രതിജ്ഞയോ സ്വീകരിക്കണമെന്ന് വൈസ് ചാൻസലർ ആവശ്യപ്പെട്ടെങ്കിലും ഭാരവാഹികൾ അംഗീകരിക്കാൻ തയാറായില്ല.
ഇതോടെ സ്ഥിതിഗതികൾ വഷളാവുകയും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കപ്പെടാത്ത സാഹചര്യത്തിൽ ചടങ്ങ് തുടരാനാകില്ലെന്ന് വ്യക്തമാക്കി വൈസ് ചാൻസലർ സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കി ഇറങ്ങിപ്പോവുകയും ചെയ്തു. ഇതോടെ രജിസ്ട്രാർ ഡിനോജ് സെബാസ്റ്റ്യനും ചടങ്ങിൽനിന്ന് പിന്മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.