മലപ്പുറം: ജില്ലയിൽ 12 നഗരസഭകളിൽ ഡിസംബർ 21ന് ആദ്യ കൗൺസിൽ യോഗത്തിൽ ഏറ്റവും മുതിർന്ന അംഗങ്ങൾ അധ്യക്ഷ പദവി അലങ്കരിക്കും. ആറിടങ്ങളിൽ യു.ഡി.എഫ് പ്രതിനിധികളും നാലിടങ്ങളിൽ എൽ.ഡി.എഫ് പ്രതിനിധികളും ഓരോ ഇടങ്ങളിൽ എൻ.ഡി.എയും സ്വതന്ത്ര അംഗവും ആദ്യ യോഗത്തിൽ അധ്യക്ഷ പദവി വഹിക്കും. കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രായത്തിൽ ഏറ്റവും മുതിർന്ന അംഗമാണ് സത്യപ്രതിജ്ഞ ചെയ്ത് ആദ്യ യോഗത്തിൽ അധ്യക്ഷ പദവി വഹിക്കുക.
യു.ഡി.എഫിന് ഭരണം ലഭിച്ച നഗരസഭകളിൽ എൽ.ഡി.എഫ് അംഗങ്ങളും എൻ.ഡി.എയും എൽ.ഡി.എഫിന് ഭരണം ലഭിച്ച നഗരസഭയിൽ യു.ഡി.എഫ് അംഗവും ആദ്യ യോഗത്തിൽ അധ്യക്ഷരാകും. യു.ഡി.എഫിന് ആറിടങ്ങളിലാണ് ഇതിന് അവസരം ലഭിക്കുക. ഇതിൽ മൂന്നിടങ്ങളിൽ കോൺഗ്രസ് അംഗങ്ങളും രണ്ടിടത്ത് മുസ്ലിം ലീഗ് അംഗങ്ങളും ഒരിടത്ത് യു.ഡി.എഫ് സ്വതന്ത്ര അംഗത്തിനും അവസരം ലഭിക്കും.
കോൺഗ്രസ് അംഗങ്ങൾ നിലമ്പൂർ, കൊണ്ടോട്ടി, വളാഞ്ചേരി എന്നിവിടങ്ങളിലും മുസ്ലിം ലീഗ് അംഗങ്ങൾ പെരിന്തൽമണ്ണ, തിരൂരങ്ങാടി എന്നിവിടങ്ങളിൽ ആദ്യ യോഗങ്ങളിൽ അധ്യക്ഷ പദവി വഹിക്കും. ജില്ലയിൽ 12 നഗരസഭകളിൽ 11 യു.ഡി.എഫും ഒരിടത്ത് എൽ.ഡി.എഫുമാണ് ഭരണം കിട്ടിയത്. നിലമ്പൂർ, പെരിന്തൽമണ്ണ, മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, കോട്ടക്കൽ, തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, തിരൂർ, വളാഞ്ചേരി എന്നിവിടങ്ങളിലാണ് യു.ഡി.എഫിന് നേട്ടമുണ്ടായത്. പൊന്നാനിയിൽ മാത്രമാണ് എൽ.ഡി.എഫിന് ഭരണം കിട്ടിയത്.
നിലമ്പൂർ നഗരസഭയിൽ നിലവിൽ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന വാർഡ് രണ്ടിൽനിന്ന് ജയിച്ച കോൺഗ്രസിലെ പത്മിനി ഗോപിനാഥാകും (73) ആദ്യ യോഗത്തിലെ അധ്യക്ഷ സ്ഥാനത്ത്. കൊണ്ടോട്ടിയിൽ വാർഡ് 35 കൊട്ടപറമ്പിൽനിന്ന് ജയിച്ച കോൺഗ്രസിലെ ചേനങ്ങാടൻ കാരിക്കുട്ടിയും(72) വളാഞ്ചേരിയിൽ വാർഡ് ഒമ്പത് വളാഞ്ചേരിയിൽനിന്ന് ജയിച്ച കോൺഗ്രസിലെ ചേരിയിൽ രാമകൃഷ്ണനും(70) അധ്യക്ഷ സ്ഥാനം വഹിക്കും.
പെരിന്തൽമണ്ണയിൽ വാർഡ് ആറ് കുളിർമലയിൽ നിന്ന് ജയിച്ച ലീഗിലെ നാലകത്ത് മുഹമ്മദ് ബഷീറും (60) തിരൂരങ്ങാടിയിൽ വാർഡ് 14 വെന്നിയൂരിൽനിന്ന് ജയിച്ച ലീഗ് അംഗം എം.പി. ഹംസയും (61) അധ്യക്ഷത വഹിക്കും. സി.പി.എം ഭരണം പിടിച്ച പൊന്നാനി നഗരസഭയിൽ ആദ്യ യോഗത്തിൽ അധ്യക്ഷ പദവി വാർഡ് 42 കനോലിയിൽനിന്ന് ജയിച്ച യു.ഡി.എഫ് സ്വതന്ത്രനായ ഗംഗാധരനാകും അധ്യക്ഷൻ. യു.ഡി.എഫ് ഭരണം പിടിച്ച മലപ്പുറം, മഞ്ചേരി, പരപ്പനങ്ങാടി, തിരൂർ എന്നീ നാലിടങ്ങളിൽ ആദ്യ യോഗത്തിൽ അധ്യക്ഷ പദവി വഹിക്കുക എൽ.ഡി.എഫ് അംഗങ്ങളാകും.
മലപ്പുറത്ത് വാർഡ് 12 മൂന്നാംപടിയിൽനിന്ന് ജയിച്ച സി.പി.എം അംഗം കെ.വി. ഗീതയും (58) തിരൂരിൽ വാർഡ് 37 തുഞ്ചൻപറമ്പിൽ നിന്ന് ജയിച്ച സി.പി.എം അംഗം അഡ്വ.വി. ചന്ദ്രശേഖരൻ (71), പരപ്പനങ്ങാടി വാർഡ് 29 പുത്തൻപീടികയിൽനിന്ന് ജയിച്ച സി.പി.എം ഉണ്ണികൃഷ്ണൻ കേലച്ചൻകണ്ടിയും (66) മഞ്ചേരിയിൽ വാർഡ് 49 വീമ്പൂരിൽ നിന്ന് ജയിച്ച എൽ.ഡി.എഫ് സ്വത.വി.കെ. സുന്ദരനുമാകും (67) യോഗത്തിൽ അധ്യക്ഷ സ്ഥാനം വഹിക്കുക.
യു.ഡി.എഫ് ഭരണം പിടിച്ച കോട്ടക്കലിൽ ആദ്യ യോഗത്തിൽ എൻ.ഡി.എ അംഗം അധ്യക്ഷത വഹിക്കും. വാർഡ് അഞ്ച് മൈത്രി നഗറിൽനിന്ന് ജയിച്ച ബി.ജെ.പി അംഗം കൃഷ്ണകുമാർ എടപ്പരുത്തി(73) അധ്യക്ഷനാകും. യു.ഡി.എഫ് ഭരണം പിടിച്ച താനൂരിൽ ആദ്യ യോഗത്തിൽ അധ്യക്ഷ പദവി വഹിക്കുക സ്വതന്ത്ര അംഗമാകും. വാർഡ് 24 കാരാട്ടുനിന്ന് ജയിച്ച ഒ.കെ. ബേബി ശങ്കറാകും(64) അധ്യക്ഷ പദവി വഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.