വി.പി. മുബാറക്ക്
തിരൂർ: കാൽ നൂറ്റാണ്ടിന്റെ ഇടതു ഭരണം അവസാനിപ്പിച്ച് യു.ഡി.എഫ് പിടിച്ചെടുത്ത തലക്കാട് പഞ്ചായത്തിൽ മുസ്‍ലിം ലീഗിലെ വി.പി. മുബാറക്ക് പഞ്ചായത്ത് പ്രസിഡന്റാകും. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന കണക്ക് കൂട്ടലിൽ നാലാം വാർഡിൽ മൽസരിപ്പിച്ച കഴിഞ്ഞ തവണത്തെ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷനായിരുന്ന ഇസ്മായിലിനെ പരാജയപ്പെടുത്തിയതാണ് ഒന്നാം ഊഴമായിരുന്നിട്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മുബാറക്കിനെ പരിഗണിക്കാൻ കാരണം.
ആകെയുള്ള 22 സീറ്റിൽ 12 സീറ്റ് നേടിയാണ് യു.ഡി.എഫ് മുന്നണി അധികാരത്തിലെത്തിയത്. മുസ്‍ലിം ലീഗിന് ഒമ്പത്, കോൺഗ്രസ് രണ്ട്, യു.ഡി.എഫ് പിന്തുണയോടെ വിജയിച്ച ഒരു വെൽഫെയർ സ്വതന്ത്ര ഉൾപ്പെടെയാണ് 12 സീറ്റുകൾ. ഒമ്പത് സീറ്റിൽ എൽ.ഡി.എഫും ഒരു സീറ്റിൽ ബി.ജെ.പിയുമാണ് വിജയിച്ചത്. ഉപാധ്യക്ഷ സ്ഥാനം കോൺഗ്രസിനുള്ളതാണെങ്കിലും നിലവിൽ വിജയിച്ചവരിൽ വനിത അംഗങ്ങൾ ഇല്ലാത്തതിനാൽ ലീഗ് തന്നെയായിരിക്കും ആ സ്ഥാനവും കൈകാര്യം ചെയ്യുക. പകരം സ്ഥിരം സമിതി അധ്യക്ഷ പദവികളിൽ കോൺഗ്രസിനെ പരിഗണിക്കുന്നതടക്കം ചർച്ചകൾ പുരോഗമിക്കുകയാണ്.
ബുധനാഴ്ച നടന്ന തലക്കാട് പഞ്ചായത്ത് മുസ്‍ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വി.പി മുബാറക്കിനെ ഐക്യകണ്ഠേന തീരുമാനിച്ച് കുറുക്കോളി മൊയ്തീൻ എം.എൽ.എ പ്രഖ്യാപനം നടത്തിയത്. യോഗത്തിൽ വെട്ടം ആലിക്കോയ, യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ ലത്തീഫ് കൊളക്കാടൻ, അഡ്വ. പി.പി. ലായിക്ക്, പി. സുലൈമാൻ, മഹ്റൂഫ് മാസ്റ്റർ, കെ.വി. സൈനുദ്ദീൻ കുറ്റൂർ, കുഞ്ഞിപ്പ, എം.ബഷീർ, നജ്മുദ്ദീൻ, മുംതസിർ ബാബു, അഡ്വ. അഷ്റഫ്, ഖാലിദ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.