കോട്ടക്കൽ: മുസ്ലിംലീഗിന്റെ പച്ചക്കോട്ടയായ എടരിക്കോട് എസ്.ഡി.പി.ഐ ആദ്യമായി അക്കൗണ്ട് തുറന്നതിന്റെ കാരണം തേടി ലീഗ് നേതൃത്വം. പാർട്ടിക്ക് ഏറെ സ്വാധീനമുള്ള വാർഡ് ആറിലാണ് എസ്.ഡി.പി.ഐ നേരിയ ഭൂരിപക്ഷത്തിന് കൊടി പാറിച്ചത്. പരാജയപ്പെട്ടതാകട്ടെ നിലവിലെ പഞ്ചായത്തംഗമായിരുന്ന സൈഫുന്നിസ കക്കാട്ടിരിയും. ഹിബഷിറിൻ പന്തക്കൻ 27 വോട്ട് ഭൂരിപക്ഷത്തിനാണ് അരീക്കൽ സിറ്റിയിൽ വിജയിച്ചത്.
നേരത്തെ ജയസാധ്യതയുള്ള സ്ഥാനാർഥിയെയാണ് വാർഡ് കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ ഒരു വിഭാഗം സൈഫുന്നീസക്കായി രംഗത്ത് വന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. ലീഗിന് നാനൂറോളം ഉറച്ച വോട്ടുള്ള വാർഡാണിത്. 389 വോട്ട് ഹിബ നേടിയപ്പോൾ 362 വോട്ടാണ് സൈഫുന്നീസക്ക് ലഭിച്ചത്. ജയസാധ്യത ഏറെയുള്ള വാർഡിൽ അപ്രതീക്ഷിത തിരിച്ചടിയാണ് ലീഗ് നേരിട്ടത്. ലീഗിന് ഏറെ സ്വാധീനമുള്ള ഒറ്റത്തെങ്ങ് വാർഡിലും എസ്.ഡി.പി.ഐ രണ്ടാം സ്ഥാനത്തെത്തിയതും പാർട്ടിക്ക് ക്ഷീണമാണ്. 74 വോട്ട് ഭൂരിപക്ഷത്തിനാണ് ഒ.ടി. സമദ് ഇവിടെ വിജയിച്ചത്. കോൺഗ്രസിന് ലഭിച്ച ചുടലപ്പാറ നാലാം വാർഡിൽ മണ്ഡലം പ്രസിഡന്റ് മുജീബ് മുല്ലപള്ളി വിജയിച്ചെങ്കിലും ഇവിടെയും രണ്ടാം സ്ഥാനത്ത് എസ്.ഡി.പി.ഐയാണ്. ഭൂരിപക്ഷം -63. ജനകീയ മുന്നണി സ്ഥാനാർഥികളായി മത്സരിച്ചാണ് എസ്.ഡി.പി.ഐ വാർഡുകളിൽ കരുത്ത് കാട്ടിയത്. 18 വാർഡുള്ള ഇവിടെ കക്ഷിനില ഇങ്ങിനെയാണ് -മുസ്ലിം ലീഗ് -10, കോൺ. -നാല്, സി.പി.എം -മൂന്ന്, എസ്.ഡി.പി.ഐ -ഒന്ന്.
ലീഗ് വാർഡ് കമ്മിറ്റിയിലെ അഭിപ്രായ വ്യത്യാസം കാരണം ഒരു സീറ്റ് എസ്.ഡി.പി.ഐക്ക് നഷ്ടപ്പെടുത്തിയത് ഗൗരവമായാണ് കാണുന്നതെന്ന് നേതാക്കൾ അറിയിച്ചു. തോൽവിയുടെ കാരണം പഠിക്കാൻ സമിതിയെ നിയോഗിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ വെള്ളിയാഴ്ച വർക്കിങ് കമ്മറ്റി ചേരും. നിലവിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വാർഡ് 11ലെ തൈക്കാടൻ റൈഹാന ബീഗത്തിനെയാണ് പരിഗണിക്കുന്നത്. മുൻ ഭരണ സമിതിയിൽ ഇവർ ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷയായിരുന്നു. മുൻ പ്രസിഡന്റ് ഷൈബ മണമ്മൽ, ആമിന വാണിയംതൊടി എന്നിവരാണ് മറ്റുള്ളവർ. ഉപാധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാവ് കൂടിയായ ഒ.ടി. സമദിനാണ് സാധ്യത. തീരുമാനം വെള്ളിയാഴ്ച ഉണ്ടാകുമെന്ന് നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.