ചേലാമലയിലെ ഉരുൾപൊട്ടൽ മേഖല സർവകക്ഷി സംഘം പരിശോധിച്ചു

അലീഗഢ് കാമ്പസി‍ൻെറ പരിസരങ്ങളിലാണ് നാശങ്ങൾ പെരിന്തൽമണ്ണ: അലീഗഢ് സർവകലാശാല കേന്ദ്രം സ്ഥിതിചെയ്യുന്ന പെരിന്തൽമണ്ണ ചേലാമലയിലെ ഉരുൾപൊട്ടിയ ഭാഗങ്ങൾ ജനപ്രതിനിധികളും പൊതുപ്രവർത്തകരും പരിശോധിച്ചു. ഏലംകുളം, പാതായ്ക്കര, ആനമങ്ങാട് വില്ലേജുകളുടെ ഭാഗമായ 360 ഏക്കറോളം ഭൂമിയാണ് സർവകലാശാലക്ക് ചേലാമലയിൽ. മഴ ശക്തമായാൽ ഉരുൾപൊട്ടൽ ഭീഷണിയുണ്ടാവുമെന്ന് സംഘം വിലയിരുത്തി. ചേലാമലയിലെ അഞ്ചിടങ്ങളിൽ വൻതോതിൽ മണ്ണും കല്ലും ഇടിഞ്ഞ് താഴേക്ക് ഒഴുകി. ഇതി‍ൻെറ താഴ്ഭാഗത്ത് വീടുകളുണ്ട്. വടക്കേചോല, അടക്കാപഴം കുന്ന്, വടക്കേക്കര, പാപ്പാറ, മണ്ണേങ്കഴായ എന്നിവിടങ്ങളിലാണ് ചെറിയ തോതിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ചെങ്കുത്തായ കുന്നിൽ നാലുമീറ്റർ വീതിയിൽ 150 മീറ്ററോളം തോട് രൂപപ്പെട്ടിട്ടുണ്ട്. അലീഗഢ് കാമ്പസിൽനിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലാണീ ഉരുൾപൊട്ടിയ ഭാഗങ്ങൾ. വടക്കേക്കരയും പാപ്പാറയും അലീഗഢ് കാമ്പസ് പരിധിയിൽ വരുന്ന ഭാഗമാണ്. മരങ്ങൾ കടപുഴകി മണ്ണൊലിപ്പും കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. നിരവധി ചെങ്കൽ ക്വാറികൾ ചേലാമലക്കുമുകളിൽ പ്രവർത്തിച്ചിരുന്നു. ഇതിൽ ചില കുഴികളിൽ ഇപ്പോഴും വെള്ളമുണ്ട്. അലീഗഢ് കേന്ദ്രം അധികൃതരുമായി സംഘം സംസാരിച്ചു. അപകടാവസ്ഥ സർക്കാറി‍ൻെറ ശ്രദ്ധയിൽ കൊണ്ടുവരും. ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ആയിഷ, വൈസ് പ്രസിഡൻറ് എം.വി. സുഭദ്ര, സ്ഥിരംസമിതി അധ്യക്ഷൻ ടി.പി. അനിൽ, സി.പി.എം ഏരിയ കമ്മിറ്റി അംഗം എൻ.പി. ഉണ്ണികൃഷ്ണൻ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി നാലകത്ത് ഷൗക്കത്ത്, ഡി.സി.സി സെക്രട്ടറി സി. സുകുമാരൻ, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എം.എ. അജയകുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി പി. ഗോവിന്ദ പ്രസാദ്, ഉമർ വലിയതൊടി, വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി അംഗം കെ. യൂസുഫ്, ഒരുമ ജനറൽ സെക്രട്ടറി ഫൈസൽ കുന്നക്കാവ്, വിജയൻ എന്നിവരും പഞ്ചായത്ത് അംഗങ്ങളും ഉൾപ്പെടെ നാൽപതോളം പേർ സംഘത്തിൽ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.