എസ്‌കവേറ്ററിൻെറ വിലയുടെ ഒന്നര ഇരട്ടി റവന്യൂ വകുപ്പില്‍ അടക്കണം മഞ്ചേരി: മഞ്ചേരി വില്ലേജില്‍ ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലത്ത് അനധികൃത നിർമാണം നടത്തിയതിന് വില്ലേജ് ഓഫിസര്‍ പിടിച്ചെടുത്ത എസ്‌കവേറ്റര്‍ നിബന്ധനകള്‍ക്ക് വിധേയമായി വിട്ടുനല്‍കാന്‍ ഹൈകോടതിയുടെ ഉത്തരവ്. മലപ്പുറം പടിഞ്ഞാറ്റുമുറി ചേരിക്കല്ലിങ്ങല്‍ അനില്‍കുമാറിൻെറ എസ്‌കവേറ്ററാണ് വിട്ടുനല്‍കാന്‍ ഉത്തരവിട്ടത്. വിധിയനുസരിച്ച് എസ്‌കവേറ്ററിൻെറ വില മലപ്പുറം റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ നിശ്ചയിക്കണം. ഈ വിലയുടെ ഒന്നര ഇരട്ടി തുക റവന്യൂ വകുപ്പില്‍ അടച്ചാല്‍ മാത്രമേ എസ്‌കവേറ്റര്‍ വിട്ടുനല്‍കാന്‍ കഴിയൂവെന്ന് ഹൈകോടതി ഉത്തരവിൻെറ അടിസ്ഥാനത്തില്‍ ജില്ല കലക്ടര്‍ ജാഫർ മലിക് നല്‍കിയ നോട്ടീസില്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ 29നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി വില്ലേജിലെ 52ല്‍ റീ സര്‍വേ 27/ 44272ല്‍പെട്ട സ്ഥലത്ത് അനധികൃത നിർമാണം നടത്തുകയായിരുന്ന എസ്‌കവേറ്ററാണ് തണ്ണീര്‍തട സംരക്ഷണ നിയമമനുസരിച്ച് പിടിച്ചെടുത്തത്. ഇതിനെതിരെ എസ്‌കവേറ്റര്‍ ഉടമ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. നിർമാണം നിര്‍ത്തിവെക്കുന്നതിന് സ്ഥലമുടമകളായ ചന്ദ്രശേഖരന്‍, നിര്‍മ്മല എന്നിവര്‍ക്ക് സ്‌റ്റോപ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. നിലം തരംമാറ്റുന്നതിന് മണ്ണ് നിക്ഷേപിക്കുമ്പോഴാണ് റവന്യൂ വകുപ്പ് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. ഹൈകോടതി ഉത്തരവ് പ്രകാരം തുക അടച്ചില്ലെങ്കില്‍ എസ്‌കവേറ്റര്‍ കണ്ടുകെട്ടുന്നതിന് കലക്ടര്‍ നിർദേശിച്ചിട്ടുണ്ട്. ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈകോടതിയുടെ പരിഗണനയിലായതിനാല്‍ അതുമായി ബന്ധപ്പെട്ട തുടര്‍ നടപടി പിന്നീട് സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.