വിതരണം ചെയ്യാത്തത് ഫണ്ടില്ലാത്തതിനാൽ പെരിന്തൽമണ്ണ: പ്രളയം കഴിഞ്ഞ് വർഷം തികയുമ്പോഴും കാർഷിക നാശം നേരിട്ടവർക്ക് അവഗണന. പെരിന്തൽമണ്ണ ബ്ലോക്ക് പരിധിയിൽ ഏഴ് പഞ്ചായത്തുകളും പെരിന്തൽമണ്ണ നഗരസഭയും ഉൾപ്പെടുന്ന ഭാഗത്ത് മാത്രം 20.8 ലക്ഷം രൂപ ഇനിയും നൽകാനുണ്ട്. 113 കർഷകർക്കുള്ള വിഹിതമാണിതെന്ന് കൃഷി വകുപ്പ് വ്യക്തമാക്കി. 2018 ആസ്റ്റിലാണ് സംസ്ഥാനത്തെ മഹാപ്രളയമുണ്ടായത്. പ്രളയത്തിലും ആ വർഷവും വൻതോതിൽ കൃഷി നഷ്ടപ്പെട്ടവരുടെ അപേക്ഷകൾ സർക്കാറിൽ കെട്ടിക്കിടക്കുകയാണ്. വീടുകൾക്ക് കേടുപാട് സംഭവിച്ചതടക്കമുള്ള കാര്യങ്ങളാണ് സർക്കാർ ആദ്യം പരിഗണിച്ചത്. ഇത്രയേറെ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കാത്തത് ജനപ്രതിനിധികൾക്കും വിഷയമാവുന്നില്ല. ഫണ്ട് ലഭ്യമല്ലാത്തതിനാലാണ് തുക വിതരണം ചെയ്യാത്തതെന്നാണ് സർക്കാർ വിശദീകരണം. നെൻമിനിയിലെ പട്ടികജാതി ഹോസ്റ്റൽ കടലാസിൽതന്നെ ഉദ്യോഗസ്ഥ അനാസ്ഥയെന്ന് മരാമത്ത് വകുപ്പ് പെരിന്തൽമണ്ണ: പട്ടികജാതി വിദ്യാർഥികൾക്കായി നെൻമിനിയിൽ നിർമിക്കുന്ന പ്രീമെട്രിക് ഹോസ്റ്റൽ ഇപ്പോഴും കടലാസിൽ. കീഴാറ്റൂർ പഞ്ചായത്തിൽ അരിക്കണ്ടംപാക്കിൽ വാടകക്കെട്ടിടത്തിൽ അസൗകര്യങ്ങൾക്ക് നടുവിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിന് സ്ഥിരം കെട്ടിടം എന്ന സ്വപ്നമാണ് നീണ്ടുപോവുന്നത്. ആറുവർഷം മുമ്പാണ് പുതിയ കെട്ടിടം നിർമിക്കാൻ റവന്യൂ വകുപ്പ് നെൻമിനിയിൽ ഭൂമി വിട്ടുനൽകിയത്. തുടർന്ന്, കെട്ടിട നിർമാണത്തിന് പണവും അനുവദിച്ചു. 2018 ജൂലൈയിൽ കെട്ടിടത്തിൻെറ വിശദമായ രൂപരേഖ കോഴിക്കോട് റീജനൽ ഡിസൈൻ ഒാഫിസിൽനിന്ന് തയാറാക്കി സമർപ്പിച്ചു. ശേഷം എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതികാനുമതിയും നൽകി. എന്നാൽ, കെട്ടിടം ഇപ്പോഴും കടലാസിലാണ്. എസ്റ്റിമേറ്റ് തയാറാക്കാൻ ആവശ്യമായ സ്ട്രെക്ചറൽ ഡിസൈൻ കഴിഞ്ഞ വർഷം ജൂണിൽ നൽകിയതാണ്. കെട്ടിടം നിർമിക്കുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ച് നീക്കാത്തതിനാൽ ടെൻഡർ നടപടി നീണ്ടുപോെയന്നാണ് മരമാത്ത് വകുപ്പിൻെറ വിശദീകരണം. പിന്നീട്, ലോക്സഭ തെരഞ്ഞെടുപ്പും പെരുമാറ്റച്ചട്ടവും വന്നതോടെ വീണ്ടും മാസങ്ങൾ ഒന്നും ചെയ്യാൻ കഴിയാതെ പോയി. കഴിഞ്ഞ ജൂൺ 14ന് കോഴിക്കോട് സൂപ്രണ്ടിങ് എൻജിനീയർ ടെൻഡർ വിളിച്ചിട്ടുണ്ട്. പട്ടികജാതി വിദ്യാർഥികൾക്ക് വളരെ നേരേത്ത പൂർത്തിയായി കിട്ടുമായിരുന്ന കെട്ടിടം മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടാണ് നീണ്ടുപോയതെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ പറഞ്ഞിരുന്നു. അരിക്കണ്ടംപാക്കിലെ വാടകക്കെട്ടിടത്തിലെ ഹോസ്റ്റൽ അവിടെ പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നും നെൻമിനിയിൽ ഒരുവർഷംകൊണ്ട് കെട്ടിടം നിർമിക്കുമെന്നും പറഞ്ഞ് പട്ടികജാതി വികസന ഒാഫിസറുടെ നേതൃത്വത്തിൽ 2017ൽ കേന്ദ്രം പൂട്ടാൻ ഒരുങ്ങിയതാണ്. ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഇടപെട്ട് അടച്ചുപൂട്ടുന്നത് തടയുകയും കെട്ടിടം താൽക്കാലികമായി അറ്റകുറ്റപ്പണി നടത്താൻ പണം സ്വരൂപിക്കുകയും ചെയ്തു. എന്നാൽ, കെട്ടിട നിർമാണത്തിന് പിന്നീട് പട്ടികജാതി വകുപ്പിനോ മരാമത്ത് വിഭാഗത്തിനോ വേണ്ടത്ര താൽപര്യമുണ്ടായില്ല. ടെൻഡർ ഉറപ്പിച്ച് മറ്റു സാങ്കേതിക നടപടികൾക്ക് ശേഷം കെട്ടിടം പൂർത്തിയാവാൻ ഇനിയും കാലതാമസമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.