തിരുവനന്തപുരം: ഖാദർ കമ്മിറ്റി ശിപാർശ പ്രകാരം നടപ്പാക്കിയ ഹയർസെക്കൻഡറി ലയനത്തിൽ സ്റ്റേ പിൻവലിക്കാൻ ഹൈകോടതി തയാറാകാതിരുന്നതോടെ സർക്കാറിന് മുന്നിലുള്ള പോംവഴി വിദ്യാഭ്യാസ ചട്ട (കെ.ഇ.ആർ) ഭേദഗതി. ലയനം പൂർത്തിയായശേഷം കെ.ഇ.ആർ ഭേദഗതി മതിയെന്നായിരുന്നു സർക്കാർ നിലപാട്. ഭേദഗതി വരുത്തുന്നതിനുള്ള നടപടികൾ സർക്കാറിന് തുടരാമെന്ന് കോടതി വ്യക്തമാക്കിയതോടെ ആ വഴിക്കായിരിക്കും സർക്കാർ നീക്കങ്ങൾ. ഹൈസ്കൂളുകളിൽനിന്ന് ഇല്ലാതാക്കിയ ഹെഡ്മാസ്റ്റർ തസ്തിക സംബന്ധിച്ചായിരുന്നു ചട്ടലംഘനം ഹരജിക്കാർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഹെഡ്മാസ്റ്റർ തസ്തികയും അതിൻെറ ഉത്തരവാദിത്തങ്ങളും കെ.ഇ.ആർ നിർവചിച്ചിട്ടുണ്ട്. ഇതിൽ ഭേദഗതി വരുത്താതെ നടത്തിയ ലയനമാണ് കോടതിയിൽ സർക്കാറിനുണ്ടായ തിരിച്ചടിക്ക് ഒരുകാരണം. ഇതിന് പുറമെ നിലവിലുള്ള ഹൈസ്കൂൾ ഹെഡ്മാസ്റ്ററെ വൈസ് പ്രിൻസിപ്പലാക്കാൻ തീരുമാനിച്ചെങ്കിലും ഇതിന് കെ.ഇ.ആർ ഭേദഗതി കൊണ്ടുവന്നിട്ടില്ല. വൈസ് പ്രിൻസിപ്പലിൻെറ ഉത്തരവാദിത്തങ്ങളും ചുമതലകളും നിർവചിക്കുകയും വേണം. സ്റ്റേ നീക്കാെത വന്നതോടെ ലയനത്തിനുശേഷം പൂർത്തിയാക്കേണ്ട തുടർനടപടികളും സർക്കാറിന് ആരംഭിക്കാനാകില്ല. മൂന്ന് ഡയറക്ടറേറ്റുകളും ലയിപ്പിച്ച് രൂപവത്കരിച്ച ഡയറക്ടറേറ്റ് ഒാഫ് ജനറൽ എജുക്കേഷന് (ഡി.ജി.ഇ) കീഴിൽ ഭരണനിർവഹണസംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ വിശേഷാൽ ചട്ടങ്ങൾ (സ്പെഷൽ റൂൾസ്) തയാറാക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഏകീകൃത സംവിധാനത്തിൽ പ്രിൻസിപ്പലിൻെറയും വൈസ് പ്രിൻസിപ്പലിൻെറയും ചുമതലകളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ ഡി.ജി.ഇയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇൗ രണ്ട് നടപടികളും സ്റ്റേ നീക്കാത്ത സാഹചര്യത്തിൽ പൂർത്തിയാക്കാൻ സാധിക്കില്ല. ഫലത്തിൽ ലയനം നടന്ന സ്കൂളുകളിൽ വൈസ് പ്രിൻസിപ്പലിൻെറ ഉത്തരവാദിത്തങ്ങളും ചുമതലകളും സംബന്ധിച്ച് അവ്യക്തത തുടരും. സ്റ്റേ നീക്കാതെ കെ.ഇ.ആർ ഭേദഗതിക്ക് കോടതി അനുമതി നൽകിയെങ്കിലും തുടർനടപടികൾ സംബന്ധിച്ച് സർക്കാർതലത്തിൽ തീരുമാനമെടുത്തിട്ടില്ല. -സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.