പാലക്കാട്: ജില്ലയിലെ മഴക്കെടുതി നേരിട്ട പ്രദേശങ്ങളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ജില്ല കലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്മെൻറ് ബാങ്ക് പ്രതിനിധികളും ജില്ല മേധാവികളടങ്ങുന്ന ഉദ്യോഗസ്ഥരും ചേംബറില്‍ അവലോകനയോഗം ചേര്‍ന്നു. വെള്ളപ്പൊക്കംമൂലവും തുടര്‍ന്നുള്ള രോഗബാധയുമാണ് വന്‍തോതിലുള്ള കൃഷിനാശത്തിന് ഇടയാക്കിയതെന്നും നെല്‍കൃഷിയെയാണ് മഴക്കെടുതി സാരമായി ബാധിച്ചതെന്നും ജില്ല കലക്ടര്‍ പ്രതിനിധികളെ അറിയിച്ചു. ഏകദേശം 80-90 ശതമാനത്തോളം വിളകള്‍ക്ക് സംസ്ഥാന സര്‍ക്കാറിെൻറ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. നെല്‍കൃഷി സംബന്ധിച്ച് നാശനഷ്ടത്തില്‍ ലാഭനഷ്ടം കൂടി കണക്കാക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയിലെ വ്യവസായ മേഖലയുടെ പശ്ചാത്തലവും മേഖലയിലുണ്ടായ നഷ്ടങ്ങളും പ്രതിനിധികള്‍ ചോദിച്ചറിഞ്ഞു. ജില്ലയിലെ തകരാറിലായ വൈദ്യുതിബന്ധവും ട്രാന്‍സ്‌ഫോര്‍മറുകളുടെ നാശനഷ്ടവും സംബന്ധിച്ച് പ്രതിനിധികള്‍ പ്രത്യേകം ചോദിച്ചു. ഇവ താല്‍ക്കാലികമായി പുനഃസ്ഥാപിച്ചെങ്കിലും പുനര്‍നിർമാണത്തില്‍ വേറെ ശൈലി സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഭൂഗര്‍ഭ കേബിള്‍വഴിയുള്ള വൈദ്യുതി പുനഃസ്ഥാപനം ലക്ഷ്യമിടുന്നതായി കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ജില്ലയിലുണ്ടായ മണ്ണിടിച്ചിൽ, തകര്‍ന്ന റോഡുകളുടെ എണ്ണം എന്നിവ സംബന്ധിച്ചും വനത്തിലും വനാന്തര്‍ഭാഗത്തുമുള്ള ആദിവാസി വിഭാഗങ്ങളെ മഴക്കെടുതി ബാധിച്ചിട്ടുണ്ടോ എന്നും സംഘം ചോദിച്ചു. ഈ ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിന് പുറമെ മണ്ണിടിച്ചിലാണ് കൂടുതലും ബാധിച്ചിരിക്കുന്നതെന്നും മണ്ണാര്‍ക്കാട്, അട്ടപ്പാടി ഭാഗങ്ങളില്‍ റോഡ് ബന്ധം വിച്ഛേദിക്കപ്പെട്ടതും ജില്ല ഭരണകൂടം സംഘത്തിനുമുന്നില്‍ ചൂണ്ടിക്കാട്ടി. മത്സ്യബന്ധനമേഖലയില്‍ ഏത് തരത്തിലുള്ള നാശമാണ് സംഭവിച്ചിരിക്കുന്നതെന്ന് പ്രതിനിധികള്‍ ചോദിച്ചു. വനം-വന്യജീവികളെയും വനാന്തര്‍ഭാഗത്തുള്ള ആദിവാസി വിഭാഗത്തെയും സാമ്പത്തികപരമായി എത്രത്തോളം മഴക്കെടുതി ബാധിച്ചിട്ടുണ്ട് എന്നുള്ളത് മറ്റ് നാശനഷ്ടകണക്കുകളോടെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് കലക്ടര്‍ അറിയിച്ചു. പട്ടികവർഗ വികസനം-വനം വകുപ്പുകള്‍ സംയുക്തമായി ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്നും ജില്ല ഭരണകൂടം അറിയിച്ചു. സബ്കലക്ടര്‍ ജെറോമിക് ജോർജ്, എ.ഡി.എം ടി. വിജയന്‍, ആര്‍.ഡി.ഒ പി. കാവേരിക്കുട്ടി തുടങ്ങിയവരും വിവിധ വകുപ്പ് ജില്ല മേധാവികളും പങ്കെടുത്തു. വിലയിരുത്തുന്നത് മൂന്ന് സംഘങ്ങൾ പാലക്കാട്: വിവിധ മേഖലകളില്‍ വിദഗ്ധരായ പത്തംഗ സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ദുരിതബാധിത പ്രദേശങ്ങള്‍ നേരിട്ടുകണ്ട് വിലയിരുത്താനെത്തുന്നത്. റോഡുകള്‍, പാലങ്ങള്‍, കുടിവെള്ള സ്രോതസ്സുകള്‍, കൃഷി, ഉപജീവനം, ടൂറിസം, കാലാവസ്ഥ, നഗര പശ്ചാത്തല സൗകര്യങ്ങള്‍, ഗതാഗതം, ദുരന്തനിവാരണം, കുടിവെള്ളം, പൊതുശുചിത്വം തുടങ്ങിയ മേഖലകളിലെ വിദഗ്ധരാണ് സംഘത്തിലുള്ളത്. എ.ഡി.എം ടി. വിജയന്‍, ആര്‍.ടി.ഒ പി. കാവേരിക്കുട്ടി, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്. സംസ്ഥാനമൊട്ടാകെ സന്ദര്‍ശനം നടത്തി പ്രളയക്കെടുതി വിലയിരുത്തുന്നതിെൻറ ഭാഗമായാണ് സംഘം പാലക്കാടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.