മദ്യപിച്ച് പൊലീസുകാരെ മർദിച്ച യുവാവ് അറസ്റ്റില്‍

മഞ്ചേരി: മദ്യപിച്ച് വാഹനമോടിക്കുകയും പൊലീസുകാരെ മർദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കോഴിക്കോട് നെല്ലിക്കോട് സി.കെ.എം.എ.യു.പി സ്‌കൂള്‍ അധ്യാപകന്‍ അരീക്കോട് താഴത്തങ്ങാടി പുല്‍പ്പറമ്പന്‍ റഷാദിനെയാണ് (36) മഞ്ചേരി എസ്.ഐ വി.എസ്. അഖില്‍രാജ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം.

മഞ്ചേരിയിലെ ബാറില്‍നിന്ന് മദ്യപിച്ച് ബൈക്കില്‍ പോകവെ മുനിസിപ്പല്‍ ബസ് ബേ കം ഷോപ്പിങ് കോംപ്ലക്‌സ് പരിസരത്തുവെച്ച് ബൈക്ക് മറിഞ്ഞു. ഈ സമയം ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സി.പി.ഒ സുഭാഷ് എത്തുകയും ഇയാളെ എഴുന്നേൽപ്പിക്കുകയുമായിരുന്നു.

മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായ പൊലീസുകാരന്‍ ഈ അവസ്ഥയില്‍ യാത്ര തുടരാന്‍ അനുവദിച്ചില്ല. ഇതില്‍ പ്രകോപിതനായ പ്രതി സുഭാഷിനെ മർദിക്കുകയായിരുന്നു. തടയാനെത്തിയ ഹോംഗാര്‍ഡ് അബ്ദുല്‍ ഖയ്യൂമിനും ക്രൂരമായ മര്‍ദനമേറ്റു. തുടര്‍ന്ന് അക്രമാസക്തനായ റഷാദിനെ നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചത്. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Tags:    
News Summary - Drunk youth arrested for beating up police officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.