മഞ്ചേരി: മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും അടക്കം പങ്കെടുക്കുന്ന സർക്കാറിെൻറ പൊതുപരിപാടികൾ ഇനി പൂർണമായും ഗ്രീൻ പ്രോട്ടോക്കോളിൽ. ഫ്ലക്സുകളോ പ്ലാസ്റ്റിക് അലങ്കാരങ്ങളോ പ്ലാസ്റ്റിക് കുപ്പികളോ അടുപ്പിക്കില്ല. ഉപയോഗിച്ച് വലിച്ചെറിയുന്ന ഒന്നും ഇത്തരം പരിപാടികളിൽ ഉണ്ടാവരുതെന്നും സർക്കാർ തീരുമാനിച്ചു. സെക്രേട്ടറിയറ്റ്, വികാസ് ഭവൻ, വകുപ്പു ഡയറക്ടറേറ്റുകൾ, ജില്ല കലക്ടറേറ്റുകൾ തുടങ്ങിയ മുഴുവൻ സർക്കാർ കേന്ദ്രങ്ങളിലെ പൊതു പരിപാടികൾക്കും ഇത് ബാധകമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പരിപാടികളും ഉൾപ്പെടും. സർക്കാർ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലും സമ്മേളനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ശുചിത്വ മിഷൻ എസ്കിക്യൂട്ടിവ് ഡയറക്ടർ നേരത്തെ ശിപാർശ ചെയ്തിരുന്നു. ഇത്തരം ചടങ്ങുകളിൽ ഡിസ്പോസിബിൾ വസ്തുക്കൾ ഒഴിവാക്കി. പകരം പുനരുപയോഗിക്കാൻ കഴിയുന്നതും പുനഃചംക്രമണത്തിന് സാധ്യമാവുന്നതുമായ വസ്തുക്കളാണ് ഉപയോഗിക്കുക. ഫ്ലക്സ് ബോർഡുകളും ഒഴിവാക്കും. പ്ലാസ്റ്റിക്, തെർമോകോൾ പാത്രങ്ങൾ, കപ്പുകൾ എന്നിവയും പാടില്ല. സർക്കാർ പരിപാടികളിൽ ഫ്ലക്സ് ബാനറുകളും ബോർഡുകളും ഒഴിവാക്കാൻ നേരത്തെതന്നെ നിർദേശം നൽകിയതാണ്. എന്നാൽ, പലപ്പോഴും ഇത് പാലിച്ചിരുന്നില്ല. നേരത്തെയുള്ള സർക്കാർ ഉത്തരവിെൻറയും ശുചിത്വ മിഷൻ ശിപാർശയുടെയും അടിസ്ഥാനത്തിൽ പൊതുഭരണം ഏകോപന വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ചൊവ്വാഴ്ച വീണ്ടും ഉത്തരവിറക്കിയത്. തദ്ദേശ സ്ഥാപനങ്ങളോട് പ്ലാസ്റ്റിക് വസ്തുക്കളും പുനരുപയോഗത്തിന് കഴിയാത്ത സഞ്ചികളും നിരോധിക്കാനും അതിനെതിരെ ബോധവത്കരണം നടത്താനും നിർദേശിച്ചിട്ടുണ്ട്. അതേസമയം, ഉത്തരവ് ലംഘിച്ചാൽ എന്ത് എന്നതിനെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.