​വൈകാതെ വരും, ക്യൂ.ആർ കോഡ് ഉൾപ്പെടുത്തിയ പാഠപുസ്തകം

ഒറ്റപ്പാലം: വായനയുടെ പതിവ് ശൈലിയോട് വിട പറഞ്ഞ് കാണാനും കേൾക്കാനും കഴിയുന്ന പാഠപുസ്തകങ്ങൾ ആസന്നഭാവിയിൽ വിദ്യാർഥികളുടെ കൈകളിലെത്തും. പാഠപുസ്തകങ്ങളിൽ ക്വിക്ക് റെസ്പോൺസ്ഡ് കോഡ് (ക്യൂ.ആർ കോഡ്) ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് അധ്യാപകനായ മനിശ്ശേരി പനയംകണ്ടത്ത് മഠം ബാലകൃഷ്ണൻ തൃക്കങ്ങോട് നൽകിയ നിവേദനത്തിന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ നൽകിയ മറുപടിയിലാണ് അനുകൂല മറുപടി ലഭിച്ചത്. പാഠപുസ്തകങ്ങളിൽ ക്യൂ.ആർ കോഡ് നൽകി ഡിജിറ്റൽ റിസോഴ്‌സുമായി ബന്ധിപ്പിക്കാൻ നടപടി സ്വീകരിച്ചുവരുകയാണെന്നും പാഠപുസ്തക പരിഷ്കരണ വേളയിൽ കോഡ് ഉൾപ്പെടുത്തി പുറത്തിറക്കുമെന്നും മറുപടിയിൽ അറിയിച്ചു. കോഡ് സംവിധാനം പഠനനിലവാരമുയർത്താൻ സഹായകരമാണെന്ന് കാണിച്ച് ബാലകൃഷ്ണൻ വിദ്യാഭ്യാസമന്ത്രിക്ക് നൽകിയ നിവേദനം എസ്.സി.ഇ.ആർ.ടിക്ക് കൈമാറിയിരുന്നു. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ശബ്ദങ്ങളും ക്യൂ.ആർ കോഡ് രൂപത്തിലാക്കും. സ്മാർട്ട് ഫോൺ സഹായത്തോടെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ വിഷയവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വിഡിയോയും ലഭിക്കും. ഫോണിൽ തെളിയുന്ന ദൃശ്യങ്ങൾ സ്മാർട് ക്ലാസ് മുറികളിലെ എൽ.സി.ഡി പ്രൊജക്ടറിലൂടെ സ്‌ക്രീനിൽ പ്രദർശിപ്പിക്കാനുമാകും. അന്ധവിദ്യാർഥികൾക്കും ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും ഏറെ സഹായകമായ സംവിധാനമാണിതെന്നും ബാലകൃഷ്ണൻ നിവേദനത്തിൽ പറഞ്ഞിരുന്നു. ശാസ്ത്രപരീക്ഷണങ്ങളും ഭാഷയും സാഹിത്യവുമെല്ലാം ഓർത്തുവെക്കാനും സഹായിക്കും. നേരത്തെ ചക്കക്ക് സംസ്ഥാനഫലമെന്ന പദവി ലഭിച്ചത് ബാലകൃഷ്ണൻ നൽകിയ നിവേദനത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു. 2018ലെ വനമിത്ര അവാർഡ് ലഭിച്ച ഇദ്ദേഹം ആലത്തൂർ കാവശ്ശേരി ഗവ. എൽ.പി സ്‌കൂൾ പ്രധാനാധ്യാപകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.