വളാഞ്ചേരി: കൗൺസിലർമാരിൽ ഒരു വിഭാഗം സഹകരിക്കുന്നില്ലെന്ന പരാതിയുന്നയിച്ച വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ എം. ഷാഹിന ടീച്ചർ രാജിവെച്ചു. കൗൺസിലർ സ്ഥാനവും രാജിവെച്ച ഇവർ ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെ നഗരസഭ സെക്രട്ടറി എ. ഫൈസലിനാണ് കത്ത് സമർപ്പിച്ചത്. വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാങ്കേതികത്വം പറഞ്ഞ് തടസ്സം നിൽക്കുന്ന ചില സ്ഥിരംസമിതി അധ്യക്ഷൻമാരുടെയും ഇവർക്ക് അനുകൂല നിലപാടെടുത്ത മുനിസിപ്പൽ മുസ്ലിം ലീഗ് നേതൃത്വത്തിെൻറയും നടപടിയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഷാഹിന ടീച്ചർ പറഞ്ഞു. മാസങ്ങളായി പ്രതിസന്ധി നിലനിൽക്കുന്ന ഭരണസമിതിയിൽ ചെയർപേഴ്സണെതിരെ ലീഗ് അംഗങ്ങൾ നേതൃത്വത്തെ സമീപിച്ചിരുന്നു. സ്ഥാനങ്ങൾ രാജിവെക്കുന്നതായി കാണിച്ച് കഴിഞ്ഞമാസം 31ന് മുനിസിപ്പൽ ലീഗ് നേതൃത്വത്തിന് ചെയർപേഴ്സൺ കത്ത് നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെ ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് രാജിക്കാര്യം അറിയിച്ചതായി ഷാഹിന പറഞ്ഞു. ഇപ്പോൾ രാജി വെണ്ടെന്നാണ് തങ്ങൾ ആദ്യം നിർദേശിച്ചത്. മുനിസിപ്പൽ ലീഗ് നേതൃത്വത്തോട് അന്വേഷിച്ച ശേഷം, രാജിവെക്കാൻ അദ്ദേഹം നിർദേശം നൽകുകയായിരുന്നു. അധ്യാപക ദിനമായ ബുധനാഴ്ച സ്കൂളിൽ വീണ്ടും ജോലിക്ക് ചേരുമെന്നും ഷാഹിന പറഞ്ഞു. ഭരണസമിതിയുടെ പരാജയമാണ് രാജിക്ക് കാരണമായതെന്നും ഭരണസമിതി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ടി.പി. അബ്ദുൽ ഗഫൂർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.