താലൂക്ക്​ വികസന സമിതി യോഗം ഇന്ന്

ഇന്ന് വന്നില്ലെങ്കിൽ വിവരമറിയും ഹാജർ കർശനമാക്കി തഹസിൽദാർ ഓഫിസ് മേധാവികൾതന്നെ ഹാജരാകണം പട്ടാമ്പി: താലൂക്ക് വികസന സമിതിയിൽ പൊതുജനങ്ങൾക്ക് പ്രതീക്ഷ അർപ്പിക്കാമോ? ഈ ചോദ്യത്തിന് തിങ്കളാഴ്ച നടക്കുന്ന പട്ടാമ്പി താലൂക്ക് വികസന സമിതി യോഗം ഉത്തരം നൽകും. രണ്ട് നിയമസഭ മണ്ഡലം, 15 പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവയാണ് താലൂക്ക് പരിധിയിലുള്ളത്. ഇവിടങ്ങളിലെ ഭരണാധികാരികൾക്ക് പുറമെ വിവിധ വകുപ്പുകളുടെ മേധാവികളും യോഗത്തിൽ പങ്കെടുക്കണം. അതത് പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരിഹാരം കാണാനും സമിതി യോഗം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. എന്നാൽ, നിർഭാഗ്യവശാൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അതി​െൻറ ഗൗരവം ഉൾക്കൊണ്ടിട്ടില്ലെന്നാണ് നാളിതുവരെയുള്ള അനുഭവം വിളിച്ചോതുന്നത്. പലപ്പോഴും നാമമാത്രമായ പങ്കാളിത്തമാണ് സമിതിയിലുണ്ടാകാറ്. താലൂക്ക് സമിതിയെ പാടെ അവഗണിക്കുന്ന ഗ്രാമപഞ്ചായത്തുകളുണ്ടെന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല. അതേസമയം, എല്ലായോഗങ്ങളിലും പങ്കെടുത്ത് പ്രശ്നങ്ങൾ ഉന്നയിക്കുന്ന പ്രസിഡൻറുമാരുമുണ്ട്. യോഗത്തിൽ വന്ന ഒന്നും മിണ്ടാതെ ഇടക്ക് ഇറങ്ങിപ്പോകുന്നവരും കുറവല്ല. മാസത്തിൽ ഒരുദിവസം തങ്ങൾ ഭരിക്കുന്ന പ്രദേശത്തെ പൊതുപ്രശ്നങ്ങൾ ഉന്നയിച്ച് പരിഹാരം തേടാൻ സമയമില്ലെങ്കിൽ ആ സ്ഥാനത്ത് തുടരുന്നതിൽ അർഥമുണ്ടോ എന്ന് ചിന്തിക്കണമെന്നാണ് പൊതുവികാരം. ജനപ്രതിനിധികളുടെ അവഗണന പലപ്പോഴും യോഗത്തിൽ ചർച്ചക്കിടയായിട്ടുണ്ട്. നാമമാത്രമായ പ്രതിനിധ്യത്തോടെയും യോഗം നടന്നിട്ടുണ്ട്. എന്നാൽ, തങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് മറുപടി പറയാൻ ഉദ്യോഗസ്ഥരില്ലെന്നത് രൂക്ഷവിമർശനംതന്നെ ക്ഷണിച്ചുവരുത്തിയിട്ടുമുണ്ട്. മിനി സിവിൽ സ്റ്റേഷനിലുള്ള ഓഫിസ് മേധാവികളെപ്പോലും യോഗം തുടങ്ങിയശേഷം വിളിച്ചുവരുത്തേണ്ടി വന്നിട്ടുണ്ട്. മേലാൽ ഇത് ആവർത്തിക്കരുതെന്ന് തഹസിൽദാർ താക്കീത് നൽകിയതും അടുത്താണ്. ജനപ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പ്രാപ്തരല്ലാത്ത പ്രതിനിധികളാണ് പലപ്പോഴും യോഗത്തിനെത്തുന്നത്. തൃത്താല മേഖലയിലെ കാർഷിക നാശത്തി​െൻറ പശ്ചാത്തലത്തിൽ സമിതിയിൽ ഉയർന്ന പ്രശ്നത്തിൽ മറുപടി പറയാനാളില്ലാത്തത് വി.ടി. ബൽറാം എം.എൽ.എ ചോദ്യം ചെയ്തത് കഴിഞ്ഞ യോഗത്തിലാണ്. ഹാജരുണ്ടായിരുന്ന പട്ടാമ്പി അസി. കൃഷി ഡയറക്ടർക്ക് കൃത്യമായ മറുപടിയുമില്ലായിരുന്നു. ചോദ്യങ്ങൾക്ക് ശരിയായ മറുപടി കിട്ടണം, അതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിനെത്തണം. അല്ലെങ്കിൽ എത്തുന്നവർ അവിടത്തെ കാര്യങ്ങൾ കൂടി ചോദിച്ചറിഞ്ഞ് വരണമെന്നും എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. ഓഫിസിലെ ജൂനിയർ ഉദ്യോഗസ്ഥനെ യോഗത്തിന് പറഞ്ഞുവിട്ട് യോഗത്തി​െൻറ ഉദ്ദേശ്യ ശുദ്ധി നശിപ്പിക്കുകയാണ് മേധാവികളെന്നും വിമർശനമുണ്ട്. ഉദ്യോഗസ്ഥരും ഓഫിസ് മേധാവികളും ഊഴമിട്ട് ഒളിച്ച് കളിച്ച് സമിതിയെ നോക്കുകുത്തിയാക്കുന്നതിൽ ശക്തമായ വിമർശനമുണ്ട്. ഇതി​െൻറ പശ്ചാത്തലത്തിൽ ഓഫിസ് മേധാവികൾതന്നെ യോഗത്തിൽ ഹാജരാകണമെന്ന് കൺവീനർ കൂടിയായ തഹസിൽദാർ കാർത്യായനി ദേവി നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മുൻ യോഗതീരുമാനങ്ങളും അതിലെടുത്ത് നടപടികളും റിപ്പോർട്ട് ചെയ്യുന്നതോടുകൂടിയാണ് വികസന സമിതി യോഗ൦ ആരംഭിക്കുന്നത്. നിരന്തര വിമർശനവും കർശന ഹാജർ വ്യവസ്ഥയു൦ യോഗത്തിന് നവജീവൻ നൽകുമെന്നാണ് കരുതുന്നത്. എരിവ് കൂട്ടാൻ പ്രളയവും ശീതസമരവും പട്ടാമ്പി: പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൂർണപങ്കാളിത്തം താലൂക്ക് വികസന സമിതിയിലുണ്ടാകുമെന്നാണ് കരുതുന്നത്. ആഴ്ചകൾക്ക് മുമ്പ് നടന്ന കെടുതി അവലോകന യോഗത്തിൽ കോൺഫറൻസ് ഹാൾ നിറഞ്ഞിരുന്നു. പട്ടാമ്പി പാലം നവീകരണത്തിൽ നഗരസഭ ചെയർമാൻ ഉന്നയിച്ച അഴിമതി ആരോപണത്തോട് മുഹമ്മദ് മുഹ്സിൻ എം.എൽ.എ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. നഗരസഭയുടെ പ്രവർത്തനങ്ങൾ എണ്ണമിട്ട് പറഞ്ഞാണ് എം.എൽ.എ പ്രതിരോധിച്ചത്. ജനകീയ വാസമേഖലയിലെ കള്ളുഷാപ്പ്, ശങ്കരമംഗലത്തെ ക്രഷർ എന്നിവക്ക് അനുമതി നൽകുകയും പിന്നീട് എതിരായി സമരക്കാരോടോപ്പം ചേരുകയും ചെയ്തത് ഇരട്ടത്താപ്പാണെന്നും സർക്കാർ കൊടലൂരിൽ അനുവദിച്ച എക്കോ ഷോപ്പ് നടത്താൻ കഴിഞ്ഞില്ലെന്നും ഇതരസംസ്ഥാന തൊഴിലാളികൾക്ക് താമസത്തിന് അനധികൃത കെട്ടിടം നിർമിച്ച് നൽകിയവരെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചെന്നുമൊക്കെയുള്ള ആരോപണം ചർച്ച ചെയ്യപ്പെടാനിടയുണ്ട്. എം.എൽ.എയുടെ അറിവില്ലായ്മയും മണ്ഡലത്തിലെ റോഡുകളുടെ തകർച്ചയും ചൂണ്ടിക്കാട്ടി ചെയർമാ​െൻറ മറുപടി വന്നതും കഴിഞ്ഞദിവസമാണ്. വിജിലൻസ് കേസി​െൻറ പേരിൽ നീണ്ടുപോയ പട്ടാമ്പി-പുലാമന്തോൾ റോഡ് നവീകരണം തടസ്സം നീങ്ങിയിട്ടും തുടങ്ങാത്തതും ചോദ്യം ചെയ്യപ്പെട്ടേക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.