ഒറ്റപ്പാലം: നഗരസഭയിലെ കോഴവിവാദവുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കിയ സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ തയാറാകാത്ത നഗരസഭ ചെയർമാൻ അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന് യു.ഡി.എഫ് കൗൺസിലർമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നഗരസഭയിൽ ഭരണം കൈയാളുന്ന സി.പി.എം അഴിമതിക്കും കൊള്ളക്കും നേതൃത്വം നൽകുകയാണ്. മുൻ നഗരസഭ സെക്രട്ടറിയും കോഴ ഇടപാടിന് വിശ്വസ്തനായി പരിചയപ്പെടുത്തുന്ന താൽക്കാലിക ജീവനക്കാരനും കെട്ടിട ഉടമയുടെ ഇടനിലക്കാരനായി പരിചയപ്പെടുത്തിയ ആളുമായി നടത്തിയതെന്ന് പറയപ്പെടുന്ന സംഭാഷണത്തിെൻറ ഓഡിയോ, വിഡിയോ ക്ലിപ്പുകളാണ് 28ന് ചേർന്ന കൗൺസിൽ യോഗത്തിൽ ഹാജരാക്കിയത്. ഇതേ തുടർന്ന് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഡാറ്റ എൻട്രി ഓപറേറ്ററെ കഴിഞ്ഞ ദിവസം ചെയർമാൻ പിരിച്ചുവിട്ടിരുന്നു. കൗൺസിൽ അഴിമതികളെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും പരാതി എഴുതി നൽകിയാൽ നടപടി സ്വീകരിക്കാമെന്ന ചെയർമാെൻറ നിലപാട് സെക്രട്ടറിയെ സംരക്ഷിക്കാനാണ്. അഴിമതി ഇടപാടുകളിൽ ചെയർമാനും സി.പി.എം കൗൺസിലർമാർക്കും പങ്കുണ്ടെന്ന് ആരോപിച്ച ഇവർ അന്വേഷണ ഏജൻസിക്ക് മുമ്പാകെ തെളിവുകൾ ഹാജരാക്കാൻ തയാറാണെന്നും പറഞ്ഞു. 2017 ജൂലൈ മുതൽ 2018 മേയ് 17 വരെ നഗരസഭയിൽ ഉണ്ടായിരുന്ന സെക്രട്ടറിയുടെ സേവനകാലത്ത് 20ഓളം കെട്ടിടങ്ങളിൽ അവിഹിത ഇടപാടുകൾ നടന്നിട്ടുണ്ട്. ഭരണപക്ഷത്തിെൻറ ഒത്താശയില്ലാതെ സെക്രട്ടറിക്കും ഒരു താൽക്കാലിക ജീവനക്കാരനും ഇത്തരത്തിൽ അഴിമതി നടത്താൻ സാധ്യമല്ല. സമഗ്ര അന്വേഷണത്തിന് നടപടി സ്വീകരിക്കാൻ ചെയർമാൻ ഇനിയും തയാറാകാത്ത പക്ഷം നിയമപരമായും രാഷ്ട്രീയപരമായും ഇതിനെ നേരിടുമെന്നും കൗൺസിലർമാർ അറിയിച്ചു. സത്യൻ പെരുമ്പറക്കോട്, പി.എം.എ. ജലീൽ, മനോജ് സ്റ്റീഫൻ, ടി. ഫായിസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.