പൂക്കിപ്പറമ്പ്^പതിനാറുങ്ങൽ ബൈപാസ്; 'വയൽക്കിളി' പ്രക്ഷോഭത്തിനൊരുങ്ങി​ നാട്ടുകാർ

പൂക്കിപ്പറമ്പ്-പതിനാറുങ്ങൽ ബൈപാസ്; 'വയൽക്കിളി' പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ തിരൂരങ്ങാടി: നൂറുകോടി രൂപ ചെലവിൽ നടപ്പാക്കുന്ന പൂക്കിപ്പറമ്പ്-പതിനാറുങ്ങൽ ബൈപാസ് പദ്ധതിക്കെതിരെ 'വയൽക്കിളി' രീതിയിൽ പ്രതിഷേധവുമായി കർഷകരും നാട്ടുകാരും. ദേശീയപാത പൂക്കിപ്പറമ്പിൽനിന്ന് ആരംഭിച്ച് തെന്നല, നന്നമ്പ്ര പഞ്ചായത്തുകളിലെ നെൽവയലുകളിലൂടെ പാത പോകുന്നതിനാൽ നന്നമ്പ്ര നെൽവയലുകളും ഇല്ലാതാകും. ചെമ്മാട് ടൗണിലെയും വെന്നിയൂരിലെയും ഗതാഗതക്കുരുക്ക് പരിഗണിച്ചാണ് പൂക്കിപ്പറമ്പ്-പതിനാറുങ്ങൽ ബൈപാസ് പദ്ധതിക്ക് തുടക്കമിട്ടത്. കിഫ്ബിയിൽ ഉൾപ്പെടുത്തി പദ്ധതിയുടെ സർവേ അടക്കമുള്ള പ്രാരംഭനടപടി പൂർത്തിയാക്കിയിട്ടുണ്ട്. വെന്നിയൂർ ജങ്ഷൻ വീതികൂട്ടാൻ നടപടി ആരംഭിച്ചിട്ടുണ്ട്. കൊടിഞ്ഞി വഴി ചെമ്മാട്ടേക്കും വെഞ്ചാലി കോൺക്രീറ്റ് റോഡ് വഴി പരപ്പനങ്ങാടിയിലേക്കും കുണ്ടൂർ വഴി തിരൂരങ്ങാടിയിലേക്കും റോഡ് സൗകര്യങ്ങൾ ഉണ്ടെന്നിരിക്കെ കൃഷിയിടങ്ങളില്ലാതാക്കി ബൈപാസ് ആവശ്യമില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. രണ്ടുവർഷം മുമ്പ് തിരൂരങ്ങാടി ബ്ലോക്ക് നന്നമ്പ്ര പഞ്ചായത്തിലെ കാർഷിക ഉന്നമനത്തിന് 'നന്നമ്പ്ര നന്മ ജൈവ' അരി ഉൽപാദിപ്പിക്കുന്നതിന് മൂന്നുകോടി വകയിരുത്തി ആരംഭിച്ച പദ്ധതിയും അവതാളത്തിലാകുമെന്ന ആശങ്കയിലാണ് കർഷകർ. പ്രതിഷേധം വകവെക്കാതെ പദ്ധതി നടപ്പാക്കിയാൽ വയൽക്കിളി സമരത്തിന് സമാനമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.