എടവണ്ണ: വ്യാപക കളിമണ്ണ് ഖനനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവർത്തകർ പന്നിപ്പാറ വി.കെ.പടിയിൽ ഖനനം തടഞ്ഞു. അരീക്കോട്, പെരകമണ്ണ, എടവണ്ണ, പുള്ളിപ്പാടം വില്ലേജുകളിൽപെട്ട സ്ഥലങ്ങളിൽ നടക്കുന്ന കളിമണ്ണ് ഖനനത്തിനെതിരെ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് ഏറനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിത്യേന നൂറുകണക്കിന് വലിയ ലോറികളിലാണ് ഇവിടെനിന്നും മറ്റു ജില്ലകളിലേക്ക് കളിമണ്ണ് കയറ്റിപ്പോകുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ഭൂമിക്ക് വിള്ളൽ വരെ വരുമ്പോഴും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം ഖനനങ്ങൾക്ക് ഒരു പഠനമോ മാനദണ്ഡമോ ഇല്ലാതെ അനുമതി നൽകുന്ന ജിയോളജി അധികാരികൾക്കെതിരെ ഉദ്യോഗസ്ഥതല അന്വേഷണം പ്രഖ്യാപിക്കണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച കലക്ടർ അടക്കമുള്ള ബന്ധപ്പെട്ട അധികാരികളെക്കണ്ട് പരാതി സമർപ്പിക്കും. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം സഫീർ കിഴിശ്ശേരി, ഖാദർ മങ്കട, റിയാസ് സൗത്ത് പുത്തലം, സി.പി. യൂനുസ്, പി. ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.