അമ്പലപ്പാറ പൊലീസ് സ്​റ്റേഷൻ മാസങ്ങൾ പിന്നിട്ടിട്ടും കടലാസിൽതന്നെ

ഒറ്റപ്പാലം: സർക്കാർ അനുമതിയുണ്ടായി മാസങ്ങൾ പിന്നിട്ടിട്ടും അമ്പലപ്പാറക്ക് അനുവദിച്ച പൊലീസ് സ്റ്റേഷൻ കടലാസിൽതന്നെ. കേസുകളുടെ ബാഹുല്യവും സേനാംഗങ്ങളുടെ കുറവും വിസ്തൃതമായ അധികാരപരിധിയും കൊണ്ട് വീർപ്പുമുട്ടുന്ന ഒറ്റപ്പാലം സ്റ്റേഷ‍​െൻറ പരിധിയിലാണ് അമ്പലപ്പാറ ഇന്നും. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച നിർദേശപ്രകാരം സമർപ്പിച്ച സാധ്യത റിപ്പോർട്ടും സുരക്ഷ നിർദേശങ്ങളും കണക്കിലെടുത്താണ് അമ്പലപ്പാറയിൽ പൊലീസ് സ്റ്റേഷൻ ആരംഭിക്കാൻ സർക്കാർ ഉത്തരവിട്ടത്. അന്വേഷണത്തിൽ അനുയോജ്യമായ വാടകകെട്ടിടം ലഭ്യമല്ലെന്ന റിപ്പോർട്ടിൽ കാര്യങ്ങൾ കലാശിച്ചു. ഒറ്റപ്പാലം സ്റ്റേഷ‍​െൻറ പരിധിയിൽവരുന്ന ഏതാനും പ്രദേശങ്ങളെ സമീപ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റാൻ നടന്ന ആലോചനകൾക്ക് തൊട്ടുപിറകെയാണ് അമ്പലപ്പാറയിൽ പുതിയ പൊലീസ് സ്റ്റേഷനെന്ന ആശയമുടലെടുത്തത്. രാഷ്ട്രീയ സംഘട്ടനങ്ങളും സംഘം ചേർന്നുള്ള കൊലപാതകങ്ങളും മോഷണ പരമ്പരകളും അടിപിടിക്കേസുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ അമ്പലപ്പാറയിൽ ഒരു പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാണ്. പ്രതിദിനം നൂറോളം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന ഒറ്റപ്പാലം സ്റ്റേഷനിൽ വിസ്തൃതിയിൽ ജില്ലയിൽതന്നെ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന അമ്പലപ്പാറ പഞ്ചായത്തി​െൻറ ക്രമസമാധാന പാലനം കൂടി തുടരേണ്ടിവരുന്നത് കൃത്യനിർവഹണത്തെ സാരമായി ബാധിക്കുന്നുണ്ട്. അമ്പലപ്പാറ സ്റ്റേഷൻ യാഥാർഥ്യമാകുന്ന പക്ഷം ശ്രീകൃഷ്ണപുരം സ്റ്റേഷ‍​െൻറ പരിധിയിലുള്ള പൂക്കോട്ടുകാവ് പഞ്ചായത്തിനെ ഇതിൽ ഉൾപ്പെടുത്താനും ധാരണയായതാണ്. ഉത്സവകാലം ആരംഭിക്കുന്നതോടെ തുടങ്ങുന്ന സംഘർഷങ്ങൾ ഒറ്റപ്പാലം പൊലീസിന് ഇരട്ടിഭാരമാണ് ഉണ്ടാകുന്നത്. ആവശ്യമായ അംഗബലം ഇല്ലെന്നിരിക്കെത്തന്നെ നിത്യേന ഉണ്ടാകുന്ന കേസുകളുടെ അന്വേഷണവും ട്രാഫിക് നിരീക്ഷണവും പ്രതികളെ കോടതികളിലും ആശുപത്രികളിലും കൊണ്ടുപോകുന്നതും മറ്റും പൊലീസിനെ വലക്കുന്നു. ജില്ലയിൽ ആദ്യമായി ജനമൈത്രി പൊലീസ് പദ്ധതി നടപ്പാക്കിയ സ്റ്റേഷനുകളിൽ ഒന്ന് ഒറ്റപ്പാലമാണ്. കുറഞ്ഞ കാലംകൊണ്ട് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ പദ്ധതി ക്രമേണ നിശ്ചലമായി. സേനാംഗങ്ങളുടെ കൊഴിഞ്ഞുപോക്കാണ് പദ്ധതിയെ അട്ടിമറിച്ചത്. വിരമിക്കുന്നതും സ്ഥലംമാറിപ്പോകുന്നതുമായ പൊലീസുകാർക്ക് പകരക്കാരില്ലാതാകുന്നത് സ്റ്റേഷൻ ഡ്യൂട്ടിക്ക് ആളില്ലാതാക്കുന്നു. ഇത് പരിഹരിക്കാൻ ജനമൈത്രി പൊലീസിനെ ചുമതലപ്പെടുത്തിത്തുടങ്ങിയതോടെ പദ്ധതി തുടർന്നുകൊണ്ടുപോകാൻ ആളില്ലാതായി. ജനമൈത്രിക്ക് നാമമാത്രമായ സേനാംഗങ്ങളാണ് ഇപ്പോൾ സ്റ്റേഷനിലുള്ളത്. അമ്പലപ്പാറയിൽ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ വൈകുന്ന സാഹചര്യത്തിൽ സുരക്ഷയുടെ പേരിൽ നിത്യ നിരീക്ഷണത്തിന് പൊലീസിനെ നിയോഗിക്കാൻ നടപടി എടുക്കണമെന്ന് കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. കുഞ്ഞൻ ആവശ്യപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.