പാലക്കാട് മെഡിക്കൽ കോളജ്: പ്രവേശന അനുമതിക്ക് തിരക്കിട്ട് നീക്കം

പാലക്കാട്: പാലക്കാട് ഗവ. മെഡിക്കൽ കോളജിന് ഈ അധ്യയനവർഷം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എം.സി.ഐ) പ്രവേശനത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തിൽ തിരക്കിട്ട നീക്കവുമായി സർക്കാർ. അംഗീകാരം വീണ്ടെടുക്കാൻ കേന്ദ്ര സർക്കാറിനെ സമീപിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ഒരാഴ്ചക്കകം സമീപിക്കുമെന്ന് പാലക്കാട് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സൂചിപ്പിച്ചു. അധ്യാപകരുടെ കുറവ് നികത്താൻ നടപടി ആരംഭിച്ചു. മേയ് ഒമ്പത്, 15 തീയതികളിൽ അധ്യാപകർക്കായി അഭിമുഖം നടത്തിയേക്കും. ഇതിനുശേഷമായിരിക്കും ആരോഗ്യമന്ത്രാലയത്തെ സമീപിക്കുക. പാലക്കാട് മെഡിക്കൽ കോളജ് ഇനിയും സ്വയം പര്യാപ്തമായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എം.സി.ഐ അനുമതി നിഷേധിച്ചത്. നേരത്തേയും പിഴവുകൾ ചൂണ്ടിക്കാട്ടി എം.സി.ഐ അനുമതി നിഷേധിച്ചിരുന്നു. അപ്പോഴും ആരോഗ്യ മന്ത്രാലയത്തെ സമീപിച്ച് വീണ്ടും പരിശോധനക്ക് അവസരം വാങ്ങി. എന്നാൽ, ഡിസംബറിൽ നടന്ന പരിശോധനയിലും സൗകര്യമൊരുക്കാത്തതോടെയാണ് പ്രവേശനം നിഷേധിച്ചത്. മുപ്പതോളം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് എം.സി.ഐ പ്രവേശനാനുമതി നിഷേധിച്ചത്. സ്ഥാപനത്തിൽ 50 ശതമാനം അധ്യാപകരില്ലെന്നാണ് പ്രധാന പോരായ്മ. 13 അധ്യാപക തസ്തികകളും സൃഷ്ടിക്കാനുണ്ട്. ആശുപത്രി സംവിധാനം ഇതുവരെ ഒരുക്കാത്തതും പ്രധാന പോരായ്മയാണ്. കേന്ദ്രം അനുമതി നൽകിയാൽ എം.സി.ഐ വീണ്ടും പരിശോധന നടത്തും. അധ്യാപകരില്ലാത്തതാണ് മെഡിക്കൽ കോളജിൽ എം.സി.ഐ കാണുന്ന പ്രധാന പോരായ്മ. അധ്യാപകരുടെ കുറവ് നികത്തിയാൽ അനുമതി ലഭിച്ചേക്കും. എന്നാൽ, ആവശ്യത്തിന് സമയം ലഭിച്ചിട്ടും സർക്കാർ നടപടിയെടുക്കാത്തതെന്ന് ആരോപണമുണ്ട്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.