ഒറ്റപ്പാലം: മഹാകവി കുഞ്ചൻ നമ്പ്യാരുടെ ദീപ്‌തസ്മരണകളുറങ്ങുന്ന കിള്ളിക്കുറുശ്ശിമംഗലം കലക്കത്ത് ഭവനത്തിൽ രണ്ട് നാൾ നീളുന്ന കുഞ്ചൻ ദിനാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തിരിതെളിയും. രാവിലെ ഒമ്പതിന് വിദ്വൽ സദസ്സോടെയാണ് പരിപാടികൾക്ക് തുടക്കമാവുകയെന്ന് കുഞ്ചൻ സ്മാരകം ഭാരവാഹികൾ അറിയിച്ചു. കേരള സംഗീതനാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ ഉദ്‌ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് സംസ്ഥാനത്ത് ആദ്യമായി തുള്ളലുമായി ബന്ധപ്പെട്ടവരെ സംഘടിപ്പിച്ചുള്ള തുള്ളൽ കലാകാര സംഗമം നടക്കും. ഇയ്യങ്കോട് ശ്രീധരൻ ഉദ്‌ഘാടനം ചെയ്യും. കുഞ്ചൻ ദിനമായ അഞ്ചിന് രാവിലെ ഒമ്പതിന് എഴുത്താണി എഴുന്നള്ളിപ്പോടെ പരിപാടികൾ ആരംഭിക്കും. സാംസ്‌കാരിക സമ്മേളനം കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്‌ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് നടക്കുന്ന കവിയരങ്ങ് എഴാച്ചേരി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. പി. ഉണ്ണി എം.എൽ.എ അധ്യക്ഷത വഹിക്കും. കുഞ്ചൻ അവാർഡിനർഹനായ പി.കെ. രാമൻകുട്ടി നായർക്ക് എം.ബി. രാജേഷ് എം.പി പുരസ്‌കാരം സമ്മാനിക്കും. കുഞ്ചൻ സ്മാരക കലാസമിതിയുടെ ഉപഹാരവും പി.കെ. രാമൻകുട്ടി നായർക്ക് നൽകും. വാർത്തസമ്മേളനത്തിൽ സ്മാരകം ചെയർമാൻ ഇ. രാമചന്ദ്രൻ, സെക്രട്ടറി എ.കെ ചന്ദ്രൻകുട്ടി, ഭരണസമിതി അംഗങ്ങളായ ഐ.എം. സതീശൻ, രാജേഷ് ലക്കിടി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.