ലെക്കിടി: മോട്ടോർ നന്നാക്കാത്തതിനെ തുടർന്ന് കുടിവെള്ള ക്ഷാമംമൂലം ദുരിതമനുഭവിക്കുന്ന ലെക്കിടി മേഖലയിൽ പ്രശ്നം പരിഹരിക്കുന്നതിന് പകരം ഭരണപക്ഷവും പ്രതിപക്ഷവും ചേരിതിരിഞ്ഞ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതോടെ കുടിവെള്ളം ലഭിക്കാതെ ജനം പെരുവഴിയിൽ. പത്ത് ദിവസമായിട്ടും കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ബുധനാഴ്ച രാവിലെ ബി.ജെ.പി നേതൃത്വത്തിൽ അഞ്ച് പഞ്ചായത്തംഗങ്ങൾ ഉപവാസസമരം നടത്തിയത്. സുരേഷ് ബാബു, വി. ബാലഗോപാലൻ, ബി.കെ. ശ്രീലത, കെ. രാധ, കെ.വി. ഷീജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപവാസം. മധ്യമേഖല ജനറൽ സെക്രട്ടറി ഇ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. എൻ.കെ. മണികണ്ഠൻ, സന്ദീപ് വാര്യർ എന്നിവർ സംസാരിച്ചു. എന്നാൽ, ജലനിധിയുടെ കീഴിലെ എസ്.എൽ.ഇ.സി (വൺ) കമ്മിറ്റിയാണ് മോട്ടോർ നന്നാക്കാൻ നടപടി സ്വീകരിക്കേണ്ടതെന്നും ഉടൻ മോട്ടോർ നന്നാക്കി പ്രശ്നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ ലെക്കിടിയിലെ ജലനിധി ഓഫിസ് പ്രവർത്തകർ ഉപരോധിച്ചു. സി.പി.എം ലെക്കിടി ലോക്കൽ സെക്രട്ടറി ഷിബു ഉപരോധസമരം ഉദ്ഘാടനം ചെയ്തു. എം. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻറ് ദീപ നാരായണൻ, വൈസ് പ്രസിഡൻറ് എം.വി. ജയകുമാർ, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഈ സമയം ജലനിധി ഓഫിസ് അടച്ചിട്ട നിലയിലായിരുന്നു. എന്നാൽ, മോട്ടോർ നന്നാക്കാനുള്ള സാമ്പത്തികമൊന്നും സ്കീം ലെവൽ കമ്മിറ്റിയിലില്ലെന്നും കേടുവന്ന രണ്ടു മോട്ടോർ നന്നാക്കണമെന്നാവശ്യപ്പെട്ട് നവംബർ ഏഴിന് പഞ്ചായത്തധികൃതർക്ക് പരാതി നൽകിയിരുന്നതായും എസ്.എൽ.ഇ.സി (വൺ) കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ വർഷം മുതൽ പദ്ധതി ജലനിധിയുടെ നിയന്ത്രണത്തിലാെണന്നും ഇവയെല്ലാം ചെയ്യേണ്ടത് ജലനിധിയാെണന്നും പഞ്ചായത്ത് ഭരണസമിതിയും പറയുന്നു. മോട്ടോർ നന്നാക്കി ഉടൻ കുടിവെള്ള വിതരണം നടത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി സെക്രട്ടറി വി.കെ. ശ്രീകണ്ഠൻ, മണ്ഡലം പ്രസിഡൻറ് യു.പി. രവി എന്നിവർ ജില്ല കലക്ടർക്ക് പരാതി നൽകി. പുതിയ മോട്ടോർ വാങ്ങി പ്രശ്നം പരിഹരിക്കാൻ തീരുമാനമായതായി പഞ്ചായത്ത് പ്രസിഡൻറ് ദീപ നാരായണനും അറിയിച്ചു. ലെക്കിടി ഭാരതപ്പുഴയിലെ മോട്ടോർ കത്തിയതിനെ തുടർന്നാണ് പത്ത് ദിവസമായി മേഖലയിലെ കുടിവെള്ള വിതരണം നിലച്ചത്. ആയിരത്തോളം ആളുകളാണ് വെള്ളത്തിനായി ബുദ്ധിമുട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.