മലപ്പുറം: ഒന്നരപ്പതിറ്റാണ്ടിനിടെ ആദ്യമായി സന്തോഷ് ട്രോഫി കേരള ടീമിൽ മലപ്പുറത്തിെൻറ സാന്നിധ്യം രണ്ടിലേക്ക് ചുരുങ്ങിയിരുന്നു. പക്ഷേ സെമി ഫൈനലിൽ വി.കെ. അഫ്ദൽ നേടിയ ഏക ഗോൾ, വർഷങ്ങൾക്ക് ശേഷം കേരളത്തിന് കലാശക്കളിയിലേക്ക് വഴി തുറന്നിരിക്കുകയാണ്. പാണ്ടിക്കാട്ടുകാരനായ അഫ്ദൽ സെമിയിൽ മിസോറമിനെതിരെ സ്വന്തമാക്കിയത് ടൂർണമെൻറിലെ മൂന്നാമത്തെ ഗോളും. അഫ്ദലിൽ വലിയ വിശ്വാസമാണ് കോച്ച് സതീവൻ ബാലൻ അർപ്പിച്ചിരിക്കുന്നത്. കളിയുടെ തുടക്കത്തിൽ ബെഞ്ചിലിരുത്തിയ ശേഷം നിർണായക സമയത്ത് അവസരം നൽകുകയായിരുന്നു. വിശ്വാസം കാത്ത അഫ്ദൽ 54ാം മിനിറ്റിൽ മിസോ ഗോൾ പോസ്റ്റിലേക്ക് നിറയൊഴിച്ചു. അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ വീണ്ടും ജേതാക്കളാക്കുന്നതിൽ നിർണായക പങ്കാണ് അഫ്ദൽ വഹിച്ചത്. രണ്ട് ഹാട്രിക് ഉൾപ്പെടെ ഏഴ് ഗോളടിച്ച് ടോപ് സ്കോററായി. കാലിക്കറ്റിെൻറ പരിശീലകനും സതീവനായിരുന്നു. ബംഗളൂരുവിൽ സന്തോഷ് ട്രോഫി യോഗ്യത റൗണ്ട് അരങ്ങേറിയപ്പോഴും അഫ്ദലിലെ മുന്നേറ്റക്കാരെൻറ കരുത്ത് എതിരാളികൾ അനുഭവിച്ചറിഞ്ഞു. യോഗ്യത റൗണ്ടിൽ ആന്ധ്രയോട് ഏഴു ഗോളുകൾക്ക് കേരളം ജയിച്ചപ്പോൾ രണ്ടെണ്ണം അഫ്ദലെന്ന മുത്തുവിെൻറ ബൂട്ടിൽ നിന്നായിരുന്നു. കൊച്ചിയിൽ നടന്ന ഗോൾ ടൂർണമെൻറിൽ മമ്പാട് എം.ഇ.എസ് കോളജിനായി അഫ്ദൽ ഹാട്രിക് നേടി. സന്തോഷ് ട്രോഫി ആദ്യമത്സരത്തിൽ ചണ്ഡീഗഢിനെതിരെയും രണ്ടാം കളിയിൽ മണിപ്പൂരിനെതിരെയും സ്കോർ ചെയ്തു. 2015ൽ ലണ്ടനിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് നടത്തിയ ടാലൻറ് ഹണ്ടിൽ പങ്കെടുത്തിരുന്നു അഫ്ദൽ. 2012ൽ ജൂനിയർ നാഷനൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി കളിച്ചു. ഗോവയിൽ ഇന്ത്യൻ അണ്ടർ 19 ക്യാംപിലും അഫ്ദലിെൻറ സാന്നിധ്യമുണ്ടായിരുന്നു. മമ്പാട് എം.ഇ.എസ് കോളജ് ടീം അംഗവും ബി.എസ്.സി ഫുഡ് ടെക്നോളജി വിദ്യാർഥിയുമാണ്. കേരളത്തിന് വേണ്ടി അണ്ടർ 19, അണ്ടർ 17, ജൂനിയർ ടീമുകളിൽ കളിച്ചിട്ടുണ്ട്. പാണ്ടിക്കാട് ഒലിപ്പുഴ വരിക്കോടൻ മുഹമ്മദ് അഷ്റഫിെൻറയും ഹഫ്സത്തിെൻറയും മകനാണ് അഫ്ദൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.