കാട്ടാന ആക്രമണത്തിൽ വീട് തകർന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

സൗജന്യ റേഷനും ജോലിയും നൽകും ചെമ്മണാമ്പതി: കാട്ടാന ആക്രമണത്തിൽ വീടുകൾ തകർന്ന രണ്ട് കുടുംബങ്ങളെ തഹസിർദാർ ഇടപെട്ട് മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞദിവസം ചെമ്മണാമ്പതി അരശുമരക്കാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീടുകൾ തകർന്ന സുബ്ബലക്ഷ്മി, മുനിയപ്പൻ എന്നിവരുടെ കുടുംബങ്ങളെയാണ് ചിറ്റൂർ തഹസിൽദാർ വി.കെ. രമയുടെ നേതൃത്വത്തിൽ മൂച്ചങ്കുണ്ട് ജി.എൽ.പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ശനിയാഴ്ച രാവിലെ തഹസിൽദാർ വി.കെ. രമയുടെ നേതൃത്വത്തിലെ സംഘം അരശുമരക്കാട്ടിലെത്തി സ്ഥലം സന്ദർശിച്ചു. ഏഴ് കാട്ടാനകൾ രണ്ടാഴ്ചയായി അരശുമരക്കാടിനോടുചേർന്ന തെന്മല താഴ്വരയിലാണെന്നും ഏതുസമയത്തും ആക്രമണം ഉണ്ടാക്കാനിടയുണ്ടെന്നുമുള്ള വനംവകുപ്പി‍​െൻറ നിർദേശത്തെതുടർന്നാണ് രണ്ട് കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കന്നുകാലികളെ വളർത്തി ഉപജീവനം നടത്തുന്ന കുടുംബങ്ങൾ രാത്രി വിദ്യാലയത്തിലേക്ക് മാറണമെന്ന് തഹസിൽദാർ നിർദേശിച്ചു. ഇരു കുടുംബങ്ങൾക്കും അടുത്ത അറിയിപ്പ് ഉണ്ടാവുന്നതുവരെ സൗജന്യ റേഷൻ നൽകാനും താലൂക്ക് സപ്ലൈ ഓഫിസറോട് തഹസിൽദാർ ആവശ്യപ്പെട്ടു. മൂച്ചങ്കുണ്ടിലെ റേഷൻഷോപ്പിൽനിന്ന് രണ്ടുകുടുംബങ്ങൾക്കും സൗജന്യറേഷൻ അനുവദിക്കും. ഓലകുടിൽ തകർന്ന മുനിയപ്പന് ഏപ്രിൽ ഒന്നുമുതൽ വനംവകുപ്പ് ഫയർ വാച്ചർ ജോലി നൽകാനും തീരുമാനമായതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. മുതലമട ഒന്ന് വില്ലേജ് ഓഫിസർ ഷാഹുൽ ഹമീദ്, അബ്ദുൽ ഹക്കീം എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് തഹസിർദാരോടൊപ്പം അരശുമരക്കാട്ടിലെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥൻ സതീഷി​െൻറ നേതൃത്വത്തിലെ സംഘം പ്രദേശത്ത് കാട്ടാനകളെ തുരത്താൻ ശ്രമം തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.