ആലത്തൂർ: ജ്വല്ലറി ഉടമയെ ആക്രമിച്ച് ബാഗ് തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിലായി. എറണാകുളം ഞാറക്കൽ സ്വദേശി ചെറുപുള്ളി പ്രവീണിനെയാണ് (22) കഴിഞ്ഞ ദിവസം ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആലത്തൂർ മെയിൻ റോഡിലെ സംഗീത ജ്വല്ലറി ഉടമ ബാലകൃഷ്ണനെയാണ് (67) രാത്രി കടയടച്ച് വീട്ടിലേക്ക് ഓട്ടോയിൽ പോകുമ്പോൾ ആക്രമിച്ചത്. മാർച്ച് 13ന് രാത്രി 8.45ഓടെ പന്നിക്കോട് ഭാഗത്തെ ഒഴിഞ്ഞ സ്ഥലത്ത് കാറിലെത്തിയ നാലംഗ മുഖംമൂടി സംഘം ബാലകൃഷ്ണനെ ആക്രമിച്ച് ബാഗ് തട്ടിയെടുക്കുകയായിരുന്നു. കടയുടെ താക്കോൽ, തിരിച്ചറിയൽ കാർഡ് സൂക്ഷിച്ച പഴ്സ് എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. ബസില്ലാത്തതിനാലാണ് ഓട്ടോയിൽ പോയത്. കാറിലെത്തിയ അക്രമിസംഘം ഓട്ടോക്ക് കുറുകെ കാർ നിർത്തി തടഞ്ഞ് ബാലകൃഷ്ണനെ മർദിച്ച് ബാഗ് തട്ടിയെടുക്കുകയായിരുന്നു. സംഘത്തിൽ പത്തിലധികം പേരുണ്ടായിരുന്നതായി സൂചനയുണ്ട്. ഇവരിൽ പകുതിയാളുകളെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ടീമായുള്ള സംഘത്തിലെ അംഗങ്ങൾ രണ്ട് കാറിലും ഒരു ബൈക്കിലുമായി സഞ്ചരിച്ചിരുന്നതിനാൽ പരസ്പരം പരിചയമില്ലെന്നും പറയുന്നു. പ്രവീണിനെ കൂടാതെ ചക്കാലക്കൽ പ്രവീൺ, ആലത്തൂർ വാനൂർ അനൂപ്, തൃശൂരിലെ റെൻറ് എ കാർ ഡ്രൈവർ, പാലക്കാട് സംഘത്തിലെ മൂന്നുപേർ, ആലത്തൂരിലെ മറ്റ് രണ്ടുപേർ, എറണാകുളത്തെ രണ്ടുപേർ എന്നിവരുണ്ടെന്നാണ് ലഭിച്ച വിവരം. എറണാകുളം സംഘം ഒരു കാറിലും പാലക്കാട് സംഘം മറ്റൊരു കാറിലും ഒരു ബൈക്കിലുമായാണ് ഓട്ടോയെ പിന്തുടർന്നത്. ഇവർ വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതികളാണ്. എസ്.ഐ അനീഷ്, സീനിയർ സി.പി.ഒമാരായ സുനിൽകുമാർ, ഷാജു, സി.പി.ഒമാരായ സൂരജ് ബാബു, കൃഷ്ണദാസ്, മണികണ്ഠൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.