വീണ്ടും ആനവിളയാട്ടം; ജനവാസമേഖലകൾ താണ്ടി തിരുവില്ല്വാമലയിൽ

പത്തിരിപ്പാല (പാലക്കാട്): ബുധനാഴ്ച പകൽ മുഴുവൻ കല്ലൂർ ചുടിയൻമലക്ക് സമീപമുള്ള ജനവാസമേഖലയിലെ കുറ്റിക്കാട്ടിൽ കഴിഞ്ഞുകൂടിയ കാട്ടാനകൾ വ്യാഴാഴ്ച പുലർച്ച വ്യാപക നാശനഷ്ടമുണ്ടാക്കി. പുലർച്ച ഒന്നോടെ മാങ്കുറുശ്ശി മങ്കര അതിർകാട്, പേരൂർപള്ളം തുരുത്ത് വഴി പുഴകടന്നാണ് തിരുവില്ല്വാമലയിലെത്തിയത്. ആനകൾ സഞ്ചരിച്ച ജനവാസ മേഖലയിലാകെ വ്യാപക നാശനഷ്ടമുണ്ടാക്കി. കല്ലൂർ ചുടിയൻ മലയിൽനിന്ന് മാങ്കുറുശ്ശി, ഓട്ടുകമ്പനി വഴി സംസ്ഥാനപാത മുറിച്ചുകടന്ന കാട്ടാനകൾ മങ്കര പൊലീസ് സ്റ്റേഷൻ വഴിയാണ് മുട്ടിക്കാട് അതിർകാട് വഴി ലെക്കിടി-പേരൂർ പഞ്ചായത്തിലെ പള്ളംതുരുത്തിലെത്തിയത്. അവിടെനിന്ന് റെയിൽവേ ലൈൻ കടന്ന് വയലിലൂടെ നീങ്ങി പള്ളംതുരുത്ത് പുഴ നീന്തിക്കയറിയാണ് പാമ്പാടി ചൂളക്കടവ് പൂതൻമലയിൽ നിലയുറപ്പിച്ചത്. മങ്കര പൊലീസ് സ്റ്റേഷൻ പൂലോടി വഴി നീങ്ങിയ കാട്ടാനകൾ മങ്കര ആലംകാട്ടിൽ ഉഷസ് വേലായുധൻ നായരുടെ വീടി​െൻറ ഗേറ്റും കമ്പിവേലിയും തകർത്തു. നെല്ലിക്കൽ ദേവദാസി​െൻറ വീട്ടിൽനിന്ന് ചക്ക തിന്ന് മുറ്റത്തെ തൊട്ടിയിൽ സൂക്ഷിച്ച വെള്ളവും കുടിച്ചാണ് യാത്രതുടർന്നത്. പോകുന്നതിനിടെ പൂലോടി എ.എൽ.പി സ്കൂൾ മതിലും തകർത്തു. തുടർന്ന്, പൂലോടിയിലെ ഗ്രാമീണ പാതയിലേക്ക് കയറിയ ആനകൾ ആ വഴിയിലൂടെ വന്ന ഓട്ടോയുടെ വെളിച്ചം കണ്ടതോടെ നേരെ തിരിഞ്ഞ് പൂലോടി രവിശങ്കറി‍​െൻറ കൂറ്റൻ ഇരുമ്പുഗേറ്റ് തകർത്ത് മുട്ടിക്കാട് ഭാഗത്തേക്ക് നീങ്ങി. ഇതിനിടെ ഓട്ടോ ഡ്രൈവർ മങ്കര പൊലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചതിനെ തുടർന്ന് പൊലീസും വനം വകുപ്പും പുലർച്ച ഇവിടെയെത്തി. പേരൂർ പള്ളംതുരുത്തിൽ എത്തിയ ആനകൾ ഞാലിൽ രാമകൃഷ്ണ‍​െൻറ വീട്ടുമുറ്റത്തുകൂടി കയറി കമ്പിവേലി തകർത്ത് നീങ്ങി. സമീപത്തെ പെരുമ്പാറ ഹനീഫയുടെ വാഴത്തോട്ടത്തിലെ ഇരുമ്പ് ഗേറ്റും തകർത്താണ് റെയിൽവേ കടന്ന് പുഴയിലേക്കെത്തിയത്. പള്ളംതുരുത്ത് വഴി പുഴയിലേക്ക് പോകുന്നതിനിടെ വാഴകളും വലിച്ചിട്ടു. ഇതിനിടെ പുലർച്ച അഞ്ചിന് പുറത്തെ അടുക്കളയിലുണ്ടായിരുന്ന വീട്ടമ്മ ആനയെ കണ്ട് അകത്തേക്കോടി രക്ഷപ്പെട്ടു. കഴിഞ്ഞവർഷം മൂന്നാനകൾ വന്ന അതേവഴിയിലൂടെയാണ് ഇത്തവണയും കാട്ടാനകളെത്തിയത്. ബുധനാഴ്ച കല്ലൂർ ചൂടിയൻ മലയിലുണ്ടായിരുന്ന കാട്ടാനകളെ വനംവകുപ്പ് വൈകീട്ടോടെ പടക്കം പൊട്ടിച്ച് തുരത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.