കടുത്ത വരൾച്ചയിലും കാഞ്ഞിരപ്പുഴയിലെ വെള്ളം റോഡിൽ പരന്നൊഴുകുന്നു

ഷൊർണൂർ: കാഞ്ഞിരപ്പുഴ ഡാമിൽനിന്ന് കനാൽ വഴി ഒഴുക്കിവിടുന്ന വെള്ളം ഭൂരിഭാഗവും പാഴാവുന്നു. ആർക്കും ഉപയോഗമില്ലാതെ റോഡിലൂടെ പലയിടങ്ങളിലും വെള്ളം പരന്നൊഴുകുകയും കെട്ടിനിൽക്കുകയുമാണ്. റോഡിൽ മുട്ടോളം പൊക്കത്തിൽ കെട്ടിനിൽക്കുകയും ഒഴുകുകയും ചെയ്യുന്ന വെള്ളം പരിസരവാസികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. മിക്കയിടങ്ങളിലും വെള്ളം കിട്ടാതെ ജനം നട്ടം തിരിയുന്ന സമയത്താണ് ഇവിടെ വെള്ളം പാഴാക്കിക്കളയുന്നത്. വെള്ളം ഒഴുകുന്ന കനാൽ മതിയായ രീതിയിൽ അറ്റകുറ്റപ്പണി നടത്താത്തതാണ് പ്രധാന പ്രശ്നം. കനാൽ ഭിത്തികൾ പലയിടത്തും തകർന്ന് കിടക്കുന്നതിനാൽ പല സ്ഥലത്തും വെള്ളം ചോർന്നൊഴുകുന്നുണ്ട്. കനാൽ ഭിത്തിയിൽ ദ്വാരങ്ങളുണ്ടാക്കി വെള്ളം വഴി തിരിച്ചുവിടുന്നവരുമുണ്ട്. ശരിയായ അളവിലും കൂടുതൽ ഒരേസമയം കനാലിലൂടെ വെള്ളം ഒഴുക്കിവിടുന്നതും പ്രശ്നമാണ്. ശനിയാഴ്ച ഉച്ചയോടെ ചളവറ ടൗണിൽ കാഞ്ഞിരപ്പുഴ കനാൽ കരകവിഞ്ഞതാണ് പ്രശ്നമായത്. കരകവിഞ്ഞൊഴുകിയ വെള്ളം കുളപ്പുള്ളി-എലിയപ്പറ്റ റോഡിൽ പരന്നൊഴുകി. കൃഷിക്കും പരമ്പരാഗത ജലസ്രോതസ്സുകൾക്കും ഗുണമാകേണ്ട വെള്ളം പാഴാവുകയാണ്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഗുണഫലം ലഭിക്കേണ്ട വാലറ്റ പ്രദേശങ്ങൾ ഷൊർണൂർ നഗരസഭയുടെയും ഓങ്ങല്ലൂർ, വല്ലപ്പുഴ പഞ്ചായത്തുകളുടെയും പരിധിയിൽ പെടുന്നവയാണ്. ഈ പ്രദേശങ്ങൾക്ക് കൂടി പ്രയോജനപ്പെടേണ്ട വെള്ളമാണ് പാഴാവുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.