ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്തിലെ 12ാം വാർഡ് രാഗം കോർണറിൽ പുല്ലാട്ടുകുഴി സുബ്രഹ്മണ്യനും കുടുംബത്തിനും സ്വന്തമായി വീടെന്ന മോഹം ഇന്നും അകലെ. പട്ടികജാതി വിഭാഗത്തിൽപ്പെട്ട സുബ്രഹ്മണ്യനും കുടുംബവും ഭവന ധനസഹായത്തിന് കയറി ഇറങ്ങാത്ത ഓഫിസുകളില്ല. മന്ത്രി, ജില്ല കലക്ടർ, പട്ടിക വിഭാഗം മുതൽ പഞ്ചായത്ത് വരെയുള്ള ഓഫിസുകളുടെ നിരവധി തവണ ബന്ധപ്പെട്ടിട്ടും ഒരു ഫലവുമുണ്ടായില്ല. 2016 സെപ്‌റ്റംബറിലാണ് സുബ്രഹ്മണ്യെൻറ നിലവിലുണ്ടായിരുന്ന വീട് തകർന്ന് വീണത്. മൺചുമരും വീണതോടെ തീരെ വാസയോഗ്യമല്ലാതായി. ഇതോടെ ഭാര്യയും അവസാന വർഷ ബിരുദ വിദ്യാർഥിനിയായ മകളും പത്താം ക്ലാസുകാരനായ മകനുമടങ്ങുന്ന കുടുംബം വീടിനോട് ചേർന്ന കാലിത്തൊഴുത്തിലേക്ക് താമസം മാറ്റി. 2016 സെപ്റ്റംബറിൽ തന്നെ ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം ഭവന ധനസഹായത്തിനായി ഗ്രാമസഭയിൽ അപേക്ഷ നൽകി. സുബ്രഹ്മണ്യന് വീടിനു അർഹത ഉണ്ടെന്നും വീട് നൽകാമെന്നും ഉറപ്പും നൽകി. ശ്രീകൃഷ്ണപുരം ഗ്രാമസഭ ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരനാവുകയും ചെയ്തു. എന്നാൽ ഒരു വർഷം കാത്തിരുന്നിട്ടും സുബ്രഹ്മണ്യന് ഐ.എ.വൈ, പി.എം.എ.വൈ, പട്ടികജാതി വകുപ്പ് ഭവന പദ്ധതികൾ ഒന്നും ലഭിച്ചില്ല. ഇതു സംബന്ധിച്ച് ജില്ല കലക്ടർക്ക് പരാതി നൽകി. സുബ്രഹ്മണ്യനെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിക്കണമെന്ന് കലക്ടർ നിർദേശം നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. മന്ത്രി എ.കെ. ബാലനും ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടും പട്ടികജാതി വിഭാഗം ധനസഹായം നൽകാൻ തയാറായില്ല. സർക്കാർ ഉത്തരവുകൾ തലനാരിഴ കീറിമുറിച്ച് ഗുണഭോക്താവിന് ആനുകൂല്യം നിഷേധിക്കുകയായിരുന്നു.1988ൽ മൈത്രി ഭവന പദ്ധതിയിലൂടെ 350,00 രൂപ ധനസഹായം നൽകിയിരുന്നുവെന്ന കാരണമാണ് പറയുന്നത്. 12 വർഷം കഴിഞ്ഞാൽ വീണ്ടും ധനസഹായം അനുവധിക്കാമെന്ന നിയമം നിലനിൽക്കുമ്പോഴാണ് ഈ ദുരവസ്ഥ. സുബ്രഹ്മണ്യെൻറ ദയനീയാവസ്ഥ കണ്ട നാട്ടുകാർ ചേർന്ന് വീട് പണിക്ക് സഹായം ചെയ്തു. തുടർന്ന് ബാങ്ക് വായ്പയും എടുത്തെങ്കിലും വീട് പണി എങ്ങുമെത്തിയില്ല. സുബ്രഹ്മണ്യനും കുടുംബവും പണി എങ്ങുമെത്താത്ത ടാർപോളിൻ മേഞ്ഞ് തകരംകൊണ്ട് മറച്ച വീട്ടിലാണ് ഇപ്പോഴും താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.