കോയമ്പത്തൂർ: കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരണവുമായി ബന്ധപ്പെട്ട് മാർച്ച് ഒമ്പതിന് കേന്ദ്ര ജലവിഭവ വകുപ്പ് വിളിച്ച ചീഫ് സെക്രട്ടറിതല യോഗം തന്ത്രപരമായ നീക്കമാണെന്ന് തമിഴ്നാട്ടിലെ പ്രതിപക്ഷ രാഷ്ട്രീയകക്ഷികൾ. കേരളം, തമിഴ്നാട്, പുതുശ്ശേരി, കർണാടക സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ് പെങ്കടുക്കുക. കാവേരി നദീജലം പങ്കിടാൻ മേൽനോട്ടം വഹിക്കുന്ന മാനേജ്മെൻറ് ബോർഡ് രൂപവത്കരണം ആറാഴ്ചക്കകം നടത്താനാണ് സുപ്രീംകോടതി നിർദേശിച്ചത്. കോടതി നിർദേശിച്ചതനുസരിച്ച് പ്രതിനിധികളെ ഉൾപ്പെടുത്തി ബോർഡ് രൂപവത്കരിക്കുന്നതിന് പകരം ചീഫ് സെക്രട്ടറിതല ചർച്ച വിളിച്ചത് കാലതാമസം വരുത്താനാണെന്നാണ് ഡി.എം.കെ, വിടുതലൈ ശിറുതൈകൾ കക്ഷി, ഇടതുപാർട്ടികൾ ഉൾപ്പെടെയുള്ള കക്ഷികളുടെ നിലപാട്. കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ബോർഡ് രൂപവത്കരണം തിരിച്ചടിയാവുമെന്നാണ് കേന്ദ്ര ബി.ജെ.പി നേതൃത്വത്തിെൻറ കണക്കുകൂട്ടൽ. കോടതി നിർണയിച്ച കാലയളവിനുള്ളിൽ ബോർഡ് രൂപവത്കരണം സാധ്യമാവില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സൂചന നൽകിയിരുന്നു. കോടതിയെ ബോധ്യപ്പെടുത്താനും സംസ്ഥാനങ്ങൾ തമ്മിൽ തർക്കമുണ്ടെന്ന് വരുത്തി കാലതാമസം സൃഷ്ടിക്കാനുമാണ് കേന്ദ്രനീക്കമെന്ന് പ്രതിപക്ഷകക്ഷി നേതാക്കളും കർഷകസംഘം പ്രതിനിധികളും പറഞ്ഞു. കേന്ദ്ര നടപടിയിൽ പ്രതീക്ഷയുണ്ടെന്ന് തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാറും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചാൽ ബോർഡ് രൂപവത്കരണം എളുപ്പമാവുമെന്ന് പുതുശ്ശേരി മുഖ്യമന്ത്രി നാരായണസാമിയും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.