ആദിവാസി വനിത നേതാവിനെ സംസ്ഥാന കൗൺസിലിൽ നിന്നൊഴിവാക്കി; പാലക്കാട്ടെ സി.പി.ഐയിൽ ഭിന്നത

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി വനിത നേതാവിനെ സി.പി.ഐ സംസ്ഥാന കൗൺസിലിൽനിന്ന് തഴഞ്ഞതി‍​െൻറ അലയൊലി ജില്ല ഘടകത്തിൽ അവസാനിക്കുന്നില്ല. ജില്ല നേതൃത്വത്തിന് താൽപര്യമുള്ള മുൻ ജില്ല സെക്രട്ടറി വിജയൻ കുനിശ്ശേരിയുടെ ഭാര്യ കെ. മല്ലികയെ സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്താൻ വേണ്ടിയാണ് അഗളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈശ്വരി രേശനെ ഒഴിവാക്കിയതെന്ന ആരോപണമാണ് ജില്ല നേതൃത്വത്തിന് നേരെ പ്രധാനമായി ഉയരുന്നത്. മണ്ണാർക്കാട്ട് നടന്ന ജില്ല സമ്മേളനത്തിൽ ഔദ്യോഗിക പാനലിൽ ഉൾപ്പെട്ട മല്ലിക മത്സരത്തിൽ തോറ്റിരുന്നു. ജില്ല കമ്മിറ്റിയിലേക്ക് നടന്ന മത്സരത്തിൽ തോറ്റ വ്യക്തിയെ ജില്ല പ്രതിനിധിയായി സംസ്ഥാന കൗൺസിലിൽ എത്തിച്ചത് ഒരു വിഭാഗത്തെ ശക്തിപ്പെടുത്താനാണെന്ന ആരോപണമാണ് ഉയരുന്നത്. പാർട്ടി അംഗത്വത്തി‍​െൻറ അടിസ്ഥാനത്തിൽ ഒരംഗത്തെ കൂടി സംസ്ഥാന കൗൺസിലിലേക്ക് ജില്ലയിൽനിന്ന് എത്തിക്കാമെന്നിരിക്കെ അതിന് ശ്രമിക്കാതെ നിലവിലെ അംഗത്തെ ബലികൊടുക്കുന്ന നിലപാടാണ് നേതൃത്വം കൈകൊണ്ടതെന്ന ആരോപണവും നേതാക്കളിൽനിന്ന് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് മുതൽ ജില്ലയിൽ രൂപപ്പെട്ട വിഭാഗീയതയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഈശ്വരി രേശനെ സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കിയതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. അഞ്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലായി ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിൽ സി.പി.ഐ സ്ഥാനാർഥിയായി വിജയിച്ച ഈശ്വരി രേശൻ അട്ടപ്പാടിയിലെ ജനകീയമുഖം കൂടിയാണ്. സി.പി.ഐ നേതൃത്വത്തിലുള്ള അഖിലേന്ത്യ ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി കൂടിയാണിവർ. അട്ടപ്പാടിയിലെ നിരവധി വിഷയങ്ങൾ പൊതുജനമധ്യത്തിലെത്തിച്ച ഇവരെ ഒഴിവാക്കിയ നടപടിയിൽ പ്രവർത്തകരിലും എതിർപ്പുണ്ട്. പാർട്ടി രീതിയനുസരിച്ച് പുതിയ പാനൽ അവതരിപ്പിക്കുമ്പോൾ 20 ശതമാനം പുതിയ ആളുകളെ ഉൾപ്പെടുത്തണമെന്ന നിബന്ധനയുടെ ഭാഗമായാണ് ഈശ്വരി രേശനെ സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കിയതെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ് പറഞ്ഞു. ജില്ല കമ്മിറ്റിയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട വ്യക്തിയെ സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്നും പാർട്ടി ഭരണഘടനയനുസരിച്ചാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.