ഷൊർണൂർ: ഭാരതപ്പുഴയിൽ നിർമിക്കുന്ന സ്ഥിരം തടയണ നിർമാണം തൃശൂർ ജില്ല അതിർത്തിയായ ചെറുതുരുത്തി ഭാഗത്തുനിന്ന് തുടങ്ങി. തെക്കെ അതിർത്തിയായ ചെറുതുരുത്തിയിൽ 34 മീറ്റർ ഭാഗത്തെ അടിത്തറ നിർമാണമാണ് ബുധനാഴ്ച ആരംഭിച്ചത്. പുഴയുടെ ഇരുകരകളിൽനിന്നും പണി പുരോഗമിച്ചതോടെ ഒന്നര വർഷത്തിനകം പൂർത്തിയാക്കാനുദ്ദേശിച്ച പദ്ധതി േമയ് മാസത്തോടെ പൂർത്തിയാകാനുള്ള സാധ്യതയേറി. ഭാരതപ്പുഴയിൽ ഏറ്റവും കൂടിയ നീളത്തിൽ നിർമിക്കുന്ന ഷൊർണൂർ തടയണക്ക് 360 മീറ്റർ നീളമുണ്ട്. ഇതിൽ 149 മീറ്റർ ഭാഗത്തെ തടയണയുടെ അടിത്തറ നിർമാണം എട്ട് വർഷം മുമ്പ് പൂർത്തിയായിരുന്നു. ഇത്രയും ഭാഗത്തെ രണ്ടര മീറ്റർ ഉയരത്തിലുള്ള തടയണ നിർമാണവും ഷൊർണൂർ അതിർത്തിയിലെ സംരക്ഷണഭിത്തിയും പൂർത്തിയായി. ഫെബ്രുവരിയിൽ പണി തുടങ്ങിയതിന് ശേഷം ഷൊർണൂർ ഭാഗത്തുനിന്നുള്ള തറപ്പണി രണ്ട് ഘട്ടമായി 77 മീറ്റർ പൂർത്തിയായി. ഇനി 100 മീറ്ററോളം ഭാഗത്തെ അടിത്തറയാണ് അവശേഷിക്കുന്നത്. ഇതും മുകളിലേക്കുള്ള രണ്ടര മീറ്റർ ഉയരത്തിലുള്ള തടയണയുടെ പണിയും ഈ രീതിയിൽ പുരോഗമിച്ചാൽ ജൂണിന് മുമ്പ് പൂർത്തിയാകും. പുഴയിലെ മണലും കളിമണ്ണും ഒഴിവാക്കി പാറ വരെ താഴ്ത്തി, പാറയിൽ കുഴിയുണ്ടാക്കി 25 എം.എം ഇരുമ്പുകമ്പി കോൺക്രീറ്റ് ചെയ്തുറപ്പിച്ച് ഇതിന് മുകളിൽ കോൺക്രീറ്റ് ചെയ്ത് ഉയർത്തിയാണ് തടയണ പണിയുന്നത്. ശരാശരി ആറ് മീറ്റർ താഴ്ചയിലാണ് ഈ ഭാഗത്ത് പുഴയിൽ പാറയുള്ളത്. തടയണയുടെ വെള്ളം നിൽക്കേണ്ട വൃഷ്ടിപ്രദേശത്തെ പൊന്തക്കാടുകളും മണൽകുന്നുകളും ഒഴിവാക്കാൻ ഇതുവരെ പദ്ധതി ഒന്നുമായിട്ടില്ലെങ്കിലും ഇത് നിരത്തി ഒഴിവാക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ വെള്ളം വ്യാപകമായി തടയണയിൽ നിറഞ്ഞുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.