കിടപ്പ് രോഗികളുടെ സ്നേഹസംഗമം ഹൃദ്യാനുഭവം പട്ടാമ്പി: നാലുചുമരുകൾക്കിടയിൽ ജീവിതം തളച്ചിടപ്പെട്ടവർക്ക് തുറന്ന ആകാശവും പരന്ന ഭൂമിയും പകർന്നത് നിറഞ്ഞ സന്തോഷം. പ്രപഞ്ചത്തിലെ കാഴ്ചകളും സൗന്ദര്യങ്ങളും കണ്മുന്നിൽ പീലി വിടർത്തിയപ്പോൾ കേട്ടുമറന്നതും കേൾക്കാൻ കൊതിച്ചതുമായ ശബ്ദങ്ങളിലൂടെ അവർ നഷ്ടജീവിതം തിരിച്ചുപിടിച്ചു. നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായ 150ഓളം പേർക്ക് പട്ടാമ്പി ഗവ. സംസ്‌കൃത കോളജ് ഓഡിറ്റോറിയം പുതുലോകത്തിലേക്കുള്ള വാതായനം തുറന്നുകൊടുത്തു. പ്രവാസിയായ തിരൂരിലെ എ.പി. മുഹമ്മദ് നയിക്കുന്ന സ്നേഹ സന്ദേശം സോഷ്യൽ ഗ്രൂപ്പും പട്ടാമ്പി ഗവ. കോളജ് എൻ.എസ്.എസ് യൂനിറ്റും ചേർന്നാണ് വീൽ ചെയറിൽ കഴിയുന്നവർക്കായി വേദിയൊരുക്കിയത്. സുഖ ദുഃഖങ്ങൾ പങ്കുവെച്ചും തങ്ങളിലുറങ്ങിക്കിടക്കുന്ന സർഗവാസനകൾ പ്രകടിപ്പിച്ചും ഒരുദിവസം വേദനകൾക്ക് വിട നൽകി ആഹ്ലാദം പങ്കുവെച്ചു. സംഗമം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.പി. ഷാജി അധ്യക്ഷത വഹിച്ചു. വി.ടി. ബൽറാം എം.എൽ.എ മുഖ്യാതിഥിയായി. നഗരസഭ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ, കൗൺസിലർ കെ.ടി. റുഖിയ, മരക്കാർ, ഉമ്മർ ഹാജി, അൻവർ പട്ടാമ്പി, ഹനീഫ പട്ടാമ്പി, സുലൈഖ, ഷാജി ആമയൂർ എന്നിവർ സംസാരിച്ചു. വാസുണ്ണി ചെമ്പ്ര സ്വാഗതവും കെ.ടി. ഹനീഫ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും കിറ്റു വിതരണവും നടന്നു. ചിത്രം: mohptb 245 പട്ടാമ്പി ഗവ. കോളജിൽ നടന്ന സ്നേഹസംഗമം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.