വടക്കഞ്ചേരി: വഴുക്കുമ്പാറക്ക് സമീപം കുതിരാനിലെ ഇടത് തുരങ്കത്തിന് മുന്നിലെ മലയിൽനിന്ന് വീണ്ടും കല്ലും മണ്ണും അടർന്നുവീണു. 40 അടിയോളം പൊക്കത്തിൽ നിന്നാണ് കല്ലും മണ്ണും താഴേക്ക് പതിച്ചത്. അപകടസമയത്ത് ഇവിടെ തൊഴിലാളികൾ ഉണ്ടായിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് സംഭവം. തുരങ്ക നിർമാണത്തിലെ സുരക്ഷയെ മുൻനിർത്തി ആശങ്കകൾ വ്യാപകമായി ഉയർന്നുവരുന്നതിനിടയിലാണ് വീണ്ടും കല്ല് വീണത്. ഏത് നിമിഷവും അടർന്ന് വീഴുമെന്ന നിലയിൽ ഇവിടെ കരികൽ കഷ്ണങ്ങൾ ഇനിയും അടർന്ന് നിൽക്കുന്നുണ്ട്. പാറക്കെട്ടിൽനിന്ന് നീരുറവയുമുണ്ട്. തുരങ്കത്തിനുള്ളിൽ പണിയെടുക്കുന്നവർ ഇതിന് താഴെ കൂടിയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇരുമ്പ് പാലത്തിന് സമീപം ഇടത് തുരങ്കത്തിന് മുന്നിലെ പാറക്കെട്ടിൽനിന്ന് കരിങ്കല്ല് താഴേക്ക് പതിച്ചിരുന്നു. തുരങ്കമുഖത്തിന് മുന്നിൽ സ്ഥാപിച്ച സൂചന ബോർഡ് ഉൾെപ്പടെ അന്ന് തകർന്നിരുന്നു. അപകടങ്ങൾ ആവർത്തിച്ചിട്ടും അധികാരികൾ തുടരുന്ന നിശ്ശബ്ദത തുടരുകയാണ്. ദിവസങ്ങൾക്കുള്ളിൽ തുരങ്കം ഗതാഗത യോഗ്യമാക്കുമെന്ന് നിർമാണ കമ്പനി അവകാശപ്പെടുമ്പോഴും സുരക്ഷ മാനദണ്ഡങ്ങൾ ഗുരുതര പിഴവെന്ന് നാട്ടുകാർ ആരോപിക്കുന്നു. തിടുക്കപ്പെട്ട് തുരങ്കം തുറക്കാനുള്ള നിർമാണ കമ്പനിയുടെ നീക്കം ടോൾ പിരിക്കാനുള്ള തിടുക്കമാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. വേണ്ടത്ര സുരക്ഷ മാനദണ്ഡങ്ങൾ ഒരുക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി വേണം തുരങ്കപാത ഗതാഗത്തിനായി തുറന്നുകൊടുക്കേണ്ടതെന്ന് ജനം ആവശ്യപ്പെട്ടു. എന്നാൽ പാറ രണ്ടര മീറ്ററോളം പൊട്ടിച്ച് നീക്കം ചെയ്യാനുണ്ടെന്നും അതിനായി വനംവകുപ്പിെൻറ അനുമതി ലഭിക്കുന്ന മുറക്ക് ഇവ പൊട്ടിച്ച് നീക്കുമെന്നും നിർമാണ കമ്പനി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.