തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്സിറ്റിയിൽ ശനിയാഴ്ച നടന്ന സ്പോർട്സ് കോൺവെക്കേഷൻ പ്രതിഷേധത്തിൽ മുങ്ങി. കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈനോട് വാഴ്സിറ്റി സിന്‍ഡിക്കേറ്റ് നിര്‍ബന്ധിത അവധിയിൽ പോകാൻ നിർദേശിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഒളിമ്പ്യൻ പി.ടി. ഉഷ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തില്ല. കായിക വിഭാഗം മേധാവിയെ പിന്തുണക്കുന്ന തരത്തിൽ ബാഡ്ജ് ധരിച്ചാണ് വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുത്തത്. ചിലർ കറുപ്പ് വസ്ത്രമണിഞ്ഞാണ് പ്രതിഷേധിച്ചത്. ചടങ്ങ് നടന്ന സെമിനാർ കോംപ്ലക്സിന് മുന്നിൽ പ്ലക്കാർഡുകളുമായി എം.എസ്.എഫ് പ്രവർത്തകർ പ്രതിഷേധിച്ചു. ചടങ്ങ് കഴിഞ്ഞ് മന്ത്രി ഇവർക്കിടയിലൂടെയാണ് കടന്നു പോയത്. പ്രതിഷേധം കണക്കിലെടുത്ത് മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, കൊണ്ടോട്ടി സി.ഐ. മുഹമ്മദ് ഹനീഫ, തേഞ്ഞിപ്പലം എസ്.ഐ. നാസർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നു. 2007ൽ മുടങ്ങിയ കോൺവെക്കേഷൻ ചടങ്ങ് ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ വന്നതിന് ശേഷം 2012ലാണ് പുനരാരംഭിക്കുന്നത്. കേന്ദ്ര സംസ്ഥാന മന്ത്രിമാരെയും അന്താരാഷ്ട്ര കായിക താരങ്ങളെയും പങ്കെടുപ്പിച്ച് ഏഴു വര്‍ഷമായി മികച്ച രീതിയിലാണ് കോൺവെക്കേഷന്‍ സംഘടിപ്പിക്കുന്നത്. 2007 മുതല്‍ 2012 വരെയുള്ള കാലയളവിലെ കായിക താരങ്ങള്‍ക്കുള്ള അരിയര്‍ തുകയായ 25 ലക്ഷം രൂപ അനുവദിച്ചായിരുന്നു കോൺവെക്കേഷന് വീണ്ടും തുടക്കമിട്ടത്. പിന്നീടങ്ങോട്ട് വാഴ്സിറ്റിയുടെ കായികരംഗത്തുണ്ടായ കുതിച്ചു ചാട്ടത്തിന് ചുക്കാൻ പിടിച്ചതും സക്കീർ ഹുസൈൻ ആണ്. രാഷ്ട്രീയ പകപോക്കലിെൻറ ഭാഗമായാണ് അദ്ദേഹത്തിനെതിരായ നടപടി എന്നാണ് വിദ്യാർഥികൾ പറയുന്നത്. ഫോട്ടോ: കായിക വിഭാഗം മേധാവിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്ലക്കാർഡുമായി നിൽക്കുന്ന എം.എസ്.എഫ്. പ്രവർത്തകർക്കിടയിലൂടെ നടന്നു നീങ്ങുന്ന മന്ത്രി ഡോ. കെ.ടി. ജലീൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.