പറളി: പുതുപ്പരിയാരം പഞ്ചായത്തിലെ വാളേക്കാട്ട് തൊഴിലാളിയെ ചവിട്ടിക്കൊന്ന കാട്ടാനകൾ വ്യാഴാഴ്ച പുലർച്ച പറളി പഞ്ചായത്തിലെ കമ്പയിൽ റേഷൻകട തകർത്ത് അരിയും ഗോതമ്പ് പൊടികളും തിന്നും ചവിട്ടിയരച്ചും വ്യാപകമായി നശിപ്പിച്ചു. കെ.ടി. അബ്ദുൽ റഹ്മാെൻറ എ.ആർ.ഡി 122 നമ്പർ കടയാണ് തകർത്തത്. കടയുടെ മരപ്പലകകൾ കൊണ്ടുള്ള ഷട്ടർ തകർത്താണ് അകത്തുകടന്നത്. വ്യാഴാഴ്ച പുലർച്ച 3.30ന് റേഷൻകടയുടെ സമീപം താമസിക്കുന്ന വീട്ടമ്മയായ സൗജത്താണ് ആദ്യംകണ്ടത്. ശബ്ദംകേട്ട് വീടിന് പുറത്തെ ലൈറ്റിട്ട് ജനാല വഴി നോക്കിയപ്പോൾ രണ്ട് ആനകൾ റേഷൻ കടയുടെ മുൻവശത്ത് നിൽക്കുന്നതായി കണ്ടത്. കാട്ടാനായുള്ള വിവരം സൗജത്ത് അടുത്ത വീടുകളിലേക്ക് ഫോൺ ചെയ്തു അറിയിച്ചു. നമസ്കാരപ്പള്ളിയിലേക്ക് പ്രഭാത നമസ്കാരത്തിന് വരുന്നവരെയും വിവരം അറിയിച്ചതിനാൽ ആരും കാട്ടാനയുടെ മുന്നിൽപെടാതെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് പുതുപ്പരിയാരം വാളേക്കാട്ട് ചെറുട്ടിയുടെ മകൻ പ്രഭാകരനെ (51) കാട്ടാനകൾ ചവിട്ടിക്കൊന്നിരുന്നു. ആനകളെ തുരത്താൻ ഫലപ്രദ നടപടിയൊന്നും എടുക്കാത്തതിൽ പറളി പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ഗിരിജയും പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ശക്തമായി പ്രതിഷേധിച്ചു. റേഷൻ സാധനങ്ങൾ നശിപ്പിച്ചതിലൂടെ വലിയ നഷ്ടം സംഭവിച്ചതായി റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹി കെ.എം. അബ്ദുൽ സത്താർ പറഞ്ഞു. ആക്രമണകാരികളായ കാട്ടാനകളെ മയക്കുവെടിെവച്ച് തളച്ചു കോടനാട് ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെടുന്നത്. വട്ടേക്കാട്ട് തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് പ്രഭാകരെൻറ മൃതദേഹവുമായി നാട്ടുകാർ ബുധനാഴ്ച വൈകീട്ട് ഏഴുമുതൽ പാലക്കാട്-കോഴിക്കോട് ദേശീയപാത ഉപരോധിച്ചിരുന്നു. കോച്ച് ഫാക്ടറി: ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല ആഗസ്റ്റ് ഒന്നിന് പാലക്കാട്: കഞ്ചിക്കോട് ഫാക്ടറി യാഥാർഥ്യമാക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ആഗസ്റ്റ് ഒന്നിന് കാൽ ലക്ഷംപേർ അണിനിരക്കുന്ന മനുഷ്യച്ചങ്ങല തീർക്കാൻ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി തീരുമാനിച്ചു. വൈകീട്ട് നാലിന് കഞ്ചിക്കോട് മുതൽ ഫാക്ടറിയുടെ ശിലാസ്ഥാപന കർമത്തിന് വേദിയായ കോട്ടമൈതാനം വഴി റെയിൽവേ ഡിവിഷനൽ ഓഫിസ് വരെയാണ് മനുഷ്യച്ചങ്ങല. ഇതിെൻറ ഭാഗമായി ജൂലൈ 20ന് പഞ്ചായത്ത് കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ ഏകദിന ഉപവാസം നടത്തും. വാഹനപ്രചാരണ ജാഥകളും സംഘടിപ്പിക്കും. മെഗാ യോഗ പ്രദർശനം പാലക്കാട്: അന്താരാഷ്ട്ര യോഗ ദിനാചരണ ഭാഗമായി നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച മെഗാ യോഗ പ്രദർശനം ശ്രദ്ധേയമായി. 3000ത്തോളം യുവാക്കൾ പങ്കെടുത്തതായാണ് കണക്ക്. ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 6.30ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടർ എസ്. സതീശ് മുതിർന്ന യോഗാചാര്യന്മാരായ ഒലവക്കോട് ശിവാനന്ദാആശ്രമം സ്വാമി നിത്യാനന്ദ സരസ്വതി, ചിറ്റൂർ വിളയോടി സദ്ഗുരു ആശ്രമം മണിസ്വാമി എന്നിവരെ ആദരിച്ചു. നെഹ്റു യുവ കേന്ദ്ര ജില്ല യൂത്ത് കോഓഡിനേറ്റർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്, സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, സ്കൗട്ട് ഗൈഡ്സ് സ്കൂൾ, കോളജ് വിദ്യാർഥികൾ നെഹ്റു യുവ കേന്ദ്ര യൂത്ത് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.