മാറുന്ന പ്രകൃതി, മാറാതെ പേടി... കട്ടിപ്പാറക്ക് സമീപമുള്ള തലയാടും പിന്നിട്ട് കക്കയം റോഡിലൂടെ സഞ്ചരിക്കുമ്പോൾ 26ാം മൈലിൽ എത്തിയാൽ അൽപം ദൂരെ ഒരു കാഴ്ച കാണാം. പച്ചപ്പ് നിറഞ്ഞ മലയിൽനിന്ന് മണ്ണിടിഞ്ഞു നീങ്ങിയ നിലയിലാണിവിടെ. മുകളിൽ വമ്പൻ പാറക്കല്ലുകളില്ലാത്തതിനാലും ആൾത്താമസം കുറഞ്ഞ പ്രദേശമായതിനാലും വൻ അപകടം ഒഴിവായിരുന്നു. ഇത്തരം ഉരുൾപൊട്ടലുകൾ മലയോരവാസികളെ ആശങ്കയിലാഴ്ത്തുകയാണ്. കട്ടിപ്പാറക്ക് സമീപം കാൽവരിയിൽ വ്യാഴാഴ്‌ച പുലർച്ച ഉരുൾപൊട്ടി രണ്ടു വീടുകളാണ് തകർന്നത്. ഒരു വീട്ടിൽ താമസക്കാരില്ലാത്തതിനാൽ ആളപായമുണ്ടായില്ലെന്നു മാത്രം. സമീപത്തെ അമരാട് മലയും വേണാടി മലയും കൊളമലയും ഉരുൾപൊട്ടലിെൻറ ചരിത്രമുറങ്ങുന്നവയാണ്. പ്രകൃതി ചതിക്കില്ലെന്ന വിശ്വാസത്തിൽ ഈ മലകൾക്ക് കീഴെ കഴിഞ്ഞവർക്ക് ഇപ്പോൾ ആർത്തി മൂത്ത മനുഷ്യരെയാണ് പേടി. ക്വാറി പ്രവർത്തനവും മണ്ണെടുക്കലും നിർബാധം തുടരുന്നതിനെതിരെ ചെറുവിരലനക്കാൻ നാട്ടുകാർക്ക് കഴിയുന്നില്ല. ആനയും കാട്ടുപോത്തും പന്നിയും ഇറങ്ങിയിരുന്ന മലയോരത്ത് മനുഷ്യരെത്തന്നെ മനുഷ്യൻ പേടിക്കേണ്ട സ്ഥിതി. കാർഷിക വിളകൾ രോഗം വന്ന് നശിച്ച ചില പ്രദേശങ്ങളിലുള്ളവർക്ക് പ്രകൃതിക്ഷോഭം ഇരട്ടി പ്രഹരമാണ്. കട്ടിപ്പാറയിൽ മാത്രമല്ല സമീപ പഞ്ചായത്തുകളിലും ഇതാണ് അവസ്ഥ. മലബാറിെൻറ ഗവി എന്നറിയപ്പെടുന്ന വയലടയുടെ ഒരു ഭാഗം ക്വാറി 'തിന്നുതീർക്കുകയാണ്'. നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ഇടമാണ് വയലട. ജില്ലയിലെ ചില ക്വാറികൾക്ക് ലൈസൻസില്ലെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. 20ൽ താഴെ ക്വാറികൾക്കു മാത്രമേ മൈനിങ് ആൻഡ് ജിയളോജിക്കൽ വകുപ്പിെൻറ അംഗീകാരമുള്ളൂവെങ്കിലും നൂറോളം എണ്ണം പ്രവർത്തിക്കുന്നതായി ഉടമകൾതന്നെ സമ്മതിക്കും. വയലടക്ക് സമീപം മണിച്ചേരി മലയിൽ 1985ൽ വൻ നാശം വരുത്തിയ ഉരുൾപൊട്ടലുണ്ടായിരുന്നു. *ഇനി ചോദ്യങ്ങൾ ഉയരും കരിഞ്ചോല ദുരന്തത്തിൽ മൃതദേഹങ്ങൾ മുഴുവൻ പുറത്തെടുക്കുന്നതിലാണ് ആദ്യ ശ്രദ്ധയെന്നും ബാക്കി കാര്യങ്ങളും ചോദ്യങ്ങൾക്കുള്ള മറുപടിയും പിന്നീടാകാമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെയും ചില ജനപ്രതിനിധികളുടെയും നിലപാട്. ഇനി ചോദ്യങ്ങൾ സ്വാഭാവികമായും ഉയരും. മുകളിലെ സ്ഥലമുടമകൾ വെള്ളം കെട്ടിനിർത്താൻ കുഴിയെടുത്തതിെൻറ ചിത്രം പുറത്തു വന്നതൊന്നും വിശ്വസിക്കാത്ത ജനപ്രതിനിധികളുണ്ട്. ദുരന്ത സ്ഥലത്തിെൻറ ആകാശ ദൃശ്യങ്ങളിൽ കുഴിയുടെ ഭാഗം വ്യക്തമായി കാണുന്നുണ്ട്. കുഴിയുടെ മീറ്ററുകൾ ഉയരത്തിലാണ് ദുരന്തത്തിെൻറ പ്രഭവകേന്ദ്രമെന്നും കുഴിയെടുത്തത് ഉരുൾപൊട്ടലിന് കാരണമായിട്ടില്ലെന്നുമാണ് ചിലർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഈ സ്ഥലത്തിെൻറ ഉടമകളെ വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചറിയാനും വൈകുന്നതായി ആക്ഷേപമുണ്ട്. മലമുകളിലെ നിർമാണങ്ങൾ ഉരുൾപൊട്ടലിന് കാരണമായിട്ടുണ്ടാകുമെന്ന് ഡിസാസ്റ്റർ മാനേജ്മെൻറ് സെൻറർ മുൻ മേധാവി ഡോ. കെ.ജി. താര പറഞ്ഞു. ക്വാറികളുടെ പ്രവർത്തനവും പ്രകൃതിയെ നോവിക്കുമെന്ന് അവർ പറഞ്ഞു. പ്രകൃതിയെ നോവിക്കുന്നവരെ അധികാരികൾ നിലക്കുനിർത്തിയില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കും. (അവസാനിച്ചു) സി.പി. ബിനീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.