മലപ്പുറം: നിപ വൈറസ് ജാഗ്രതയുടെ ഭാഗമായി മത വിജ്ഞാന ക്ലാസുകൾ ഉൾപ്പെടെയുള്ള ആത്മീയ സദസ്സുകൾ മാറ്റിവെക്കണമെന്ന് ജില്ല കലക്ടർ അമിത് മീണ അഭ്യർഥിച്ചു. രണ്ടാം ഘട്ട വൈറസ് ബാധ സാധ്യത ജൂൺ 12ന് അവസാനിക്കും. ഇത് വരെയെങ്കിലും ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും മത മേലധ്യക്ഷരുടെയും യോഗത്തിൽ അദ്ദേഹം പറഞ്ഞു. ജില്ലയിൽ നിപ നിയന്ത്രണ വിധേയമാണ്. എങ്കിലും ജാഗ്രത തുടരണം. നോമ്പ് തുറയുൾപ്പെടെ ചടങ്ങുകളിൽ നാരങ്ങ വെള്ളം, ജ്യൂസ് പോലുള്ളവ ഒഴിവാക്കി ചായയോ കാപ്പിയോ കൊടുക്കുന്നതാണ് നല്ലത്. മാലിന്യങ്ങളും വേണ്ട രീതിയിൽ കൈകാര്യം ചെയ്യണം. ആരാധനലായങ്ങളിലെ ശൗചാലയങ്ങൾ ദിവസം രണ്ട് തവണയെങ്കിലും വൃത്തിയാക്കണമെന്നും കലക്ടർ നിർദേശിച്ചു. കഴിഞ്ഞ വർഷത്തെ പകർച്ച വ്യാധികളിൽ പകുതിയോളം മഞ്ഞിപ്പിത്തമായിരുന്നുവെന്നും ഇത് വന്നത് വെള്ളത്തിൽ നിന്നാണെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന പറഞ്ഞു. ജനങ്ങളെ ബോധവത്കരിക്കുന്ന കാര്യത്തിൽ മതനേതാക്കൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ആരംഭിക്കുന്ന മുസ്ലിം ലീഗ് പരിസ്ഥിതി വാരാചരണത്തിലെ മുഖ്യവിഷയം രോഗപ്രതിരോധ പ്രവർത്തനങ്ങളായിരിക്കുമെന്ന് പാർട്ടി ജില്ല സെക്രട്ടറി സലീം കുരുവമ്പലം യോഗത്തെ അറിയിച്ചു. ജില്ല ഭരണകൂടത്തിൽനിന്ന് ക്രിയാത്മക ഇടപെടൽ ഉണ്ടാവണമെന്നും കലക്ടറേറ്റിൽത്തന്നെ കൊതുക് വളർത്തൽ കേന്ദ്രമെന്നോണം പഴയ വാഹനങ്ങൾ കൂടിക്കിടക്കുന്നുണ്ടെന്നും ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി എ. സദറുദ്ദീൻ പറഞ്ഞു. എ.ഡി.എം വി. രാമചന്ദ്രൻ, ആർ.ഡി.ഒ കെ. അജീഷ്, െഡപ്യൂട്ടി ഡി.എം.ഒ ഡോ. കെ. മുഹമ്മദ് ഇസ്മായിൽ, വിവിധ സംഘടന പ്രതിനിധികളായ പി.എ. മജീദ്, പി.പി. സുനീർ, സി.കെ. അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, പി.കെ. ലത്തീഫ് ഫൈസി, അബ്ദുസ്സലാം, മുസ്തഫ കോഡൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.