റിസോഴ്സ് അധ്യാപക നിയമനം വൈകുന്നു; ഭിന്നശേഷി കുട്ടികളുടെ പഠനം പ്രതിസന്ധിയിൽ

തച്ചനാട്ടുകര: സംസ്ഥാനത്തെ സർക്കാർ, എയിഡഡ് സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്ന റിസോഴ്സ് അധ്യാപക നിയമനം വൈകുന്നതിൽ രക്ഷിതാക്കളും കുട്ടികളും ആശങ്കയിൽ. അധ്യാപക നിയമനം സംബന്ധിച്ച് ഉത്തരവിറങ്ങിയതായി ഇതുവരെ വിവരമില്ല. കേന്ദ്ര സർക്കാർ എസ്.എസ്.എ, ആർ.എം.എസ്.എ പദ്ധതികൾ സംയോജിപ്പിച്ച് സമഗ്ര ശിക്ഷ അഭിയാൻ പദ്ധതി രൂപവത്കരിച്ചെങ്കിലും കേരളത്തിൽ പദ്ധതി വൈകുന്നതാണ് കരാർ അധ്യാപക നിയമനം വൈകാൻ കാരണമാകുന്നത്. ശമ്പളത്തിനും കുട്ടികൾക്കുള്ള സഹായ ഉപകരണങ്ങൾക്കുമായി 102 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. നേരത്തേ ഉണ്ടായിരുന്ന രണ്ട് പദ്ധതികളും ഒന്നായെങ്കിലും സംസ്ഥാന പ്രോജക്ട് ഡയറക്ടറെ നിയമിക്കുന്നതിനോ കരാർ അധ്യാപകരെ നിയമിക്കുന്നതിനോ നടപടിയായിട്ടില്ല. മേയ് 11ന് കേന്ദ്ര മാനവശേഷി വികസന വകുപ്പ് സംസ്ഥാന സർക്കാർ നൽകിയ പ്രോജക്ടിന് അംഗീകാരം നൽകിയിരുന്നു. എസ്.എസ്.എ പദ്ധതിയിലും ആർ.എം.എസ്.എ പദ്ധതിയിലുമായി 2100 അധ്യാപകരാണ് നിയമനം കാത്തു കഴിയുന്നത്. ഒന്നു മുതൽ പ്ലസ് ടു വരെ ക്ലാസുകളിലായി 1.20 ലക്ഷം കുട്ടികളാണ് ഭിന്നശേഷിക്കാരായുള്ളത്. സാധാരണ ഏപ്രിലിൽ ഇവരുടെ കരാർ പുതുക്കി നൽകാറുണ്ട്. കുട്ടികളുടെ വിവിധ ക്യാമ്പുകൾ, വീട്ടിൽ ഇരുന്നു പഠിക്കുന്ന കുട്ടികളുടെ പരിശീലനം, ഫിസിയോതെറപ്പി, ഓട്ടിസം സ​െൻറർ പ്രവർത്തനങ്ങൾ തുടങ്ങിയവയും പുതിയ കുട്ടികളെ കണ്ടെത്താനുള്ള സർവേ പ്രവർത്തനങ്ങളും അവധിക്കാലത്താണ് നടത്തിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.