(((റമദാൻ വിശേഷം))) റമദാനിൽ പ്രകാശം പരത്തുന്ന 'ളാമ്പു'കൾ

വലിയ സ്ഫടിക ആവരണംകൊണ്ടുള്ള വിളക്കുകളുടെ പ്രഭയിൽ കുളിച്ച് പ്രത്യേക ദിവസങ്ങളിൽ നമസ്കാരത്തി​െൻറയും പ്രാർഥനയുടെയും നിർവൃതിയിൽ അലിയണമെങ്കിൽ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലേക്ക് വരാം. വിളക്കുകൾക്ക് ഇംഗ്ലീഷിൽ പറയുന്ന ലാംപ് എന്ന പദത്തിൽ നിന്നാകാം ളാമ്പുണ്ടാകുന്നത്. 200ഓളം വിളക്കുകൾ വലിയ ജുമുഅത്ത് പള്ളിയിലെ അകത്തെ പള്ളിയിലും പുറത്തെ പള്ളിയിലുമുണ്ടായിരുന്നു. ഓരോ വിളക്കിലും മുക്കാൽ ഭാഗം വെള്ളവും കാൽ ഭാഗം വെളിച്ചെണ്ണയുമാണ് നിറച്ചുവെക്കുന്നത്. ഗ്ലാസി​െൻറ വക്കിൽ കത്തുന്ന തിരി ഘടിപ്പിക്കുന്ന സംവിധാനവുമുണ്ട്. ഇരുപതടിയിലേറെ ഉയരമുള്ള തട്ടിൽ തൂക്കിയിട്ടിരിക്കുന്ന ഇവ കത്തിക്കുന്നതും കെടുത്തുന്നതും കാണാൻ നിരവധി പേരാണ് എത്തിയിരുന്നത്. വിളക്ക് കൊളുത്തിയാൽ അര മണിക്കൂർകൊണ്ട് പള്ളിക്കകം മുഴുവൻ പ്രകാശപൂരിതമാകും. ഈ വിളക്കുകൾക്കിടയിൽ സ്ഫടിക ഗ്ലോബ് ചങ്ങലയിൽ ഘടിപ്പിച്ച വർണവിളക്കുകളുമുണ്ട്. ചങ്ങല താഴേക്കു വലിച്ചാൽ ഗ്ലോബ് മുകളിലേക്ക് ഉയരും. രാത്രി പത്ത് മണി കഴിഞ്ഞാൽ വിളക്കുകൾ കെടുത്തും. അഗ്രം തിരിയുടെ ഭാഗത്തേക്ക് വളഞ്ഞ നീണ്ട കുഴൽകൊണ്ട് ശക്തിയായി ഊതുന്നതോടെ ജ്വാല അണയും. എല്ലാ ളാമ്പുകളും കത്തി തീർന്നു കഴിഞ്ഞാലും പള്ളിയുടെ മധ്യത്തിലുള്ള വലിയ വിളക്ക് എരിഞ്ഞുകൊണ്ടേയിരിക്കും. പണ്ടു കാലങ്ങളിൽ റമദാനിലെ എല്ലാ ദിവസവും പ്രകാശം പൊഴിച്ചിരുന്ന ളാമ്പുകൾ ഇപ്പോൾ പതിനാറാം രാവിലും 26-ാം രാവിലും മാത്രമാണ് കത്തിക്കുന്നത്. കൂടാതെ ആണ്ടുനേർച്ചയോടനുബന്ധിച്ച് ശഅ്ബാൻ 16നും റബീഉൽ അവ്വൽ 12നും രണ്ട് പെരുന്നാൾ രാവുകൾക്കും ഇവ പ്രകാശിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.