വടകര: മയക്കുമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിക്ക് നിപ ഉണ്ടെന്ന സംശയത്താല്‍ കോടതിയില്‍ ഹാജരാക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധനക്ക് വിധേയമാക്കാന്‍ വടകര എന്‍.ഡി.പി.എസ് കോടതി ജഡ്ജി ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മാനന്തവാടി ക്രൈമിലെ പ്രതിയെയാണ് റിമാൻഡ് നീട്ടാനായി ശനിയാഴ്ച വടകര എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്നത്. ഇയാള്‍ കല്‍പറ്റ ജയിലില്‍ റിമാൻഡില്‍ കഴിയുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ പനിയെ തുടര്‍ന്ന് പ്രതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. അന്ന് സ്രവം പരിശോധനയില്‍ നെഗറ്റിവായിരുന്നു ഫലം. തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലില്‍ എത്തിക്കുകയായിരുന്നു. ജയിലില്‍ എത്തിയ ശേഷം ശക്തമായ പനിയും, ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ച് സംശയം പ്രകടിപ്പിച്ചു. ശനിയാഴ്ച വടകര എന്‍.ഡി.പി.എസ് കോടതിയില്‍ പ്രതിയെ ഹാജരാക്കേണ്ടതു കൊണ്ട് ജയില്‍ അധികൃതര്‍ കോടതി നടപടികള്‍ക്ക് മുമ്പായി ഫോണ്‍ മുഖേന കാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചു. റിമാൻഡ് പുതുക്കി തരണമെന്ന് അപേക്ഷിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ കോടതിയില്‍ എത്തിക്കാതെ റിമാൻഡ് നീട്ടി നേരിട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. സംഭവത്തെ തുടർന്ന് അഭിഭാഷകരും കോടതി ജീവനക്കാരും കക്ഷികളും ആശങ്കയിലാണ്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ നാലു ജില്ലകളുടെ മയക്കുമരുന്ന് കേസുകള്‍ കൈകാര്യം ചെയ്യുന്ന വടകരയിലെ കോടതിയില്‍ ദിനം പ്രതി നൂറു കണക്കിന് പ്രതികളും, സാക്ഷികളും എത്തുന്നുണ്ട്. 50ല്‍പരം ജീവനക്കാരും ഇതിനു പുറമെ അഭിഭാഷകരുമുണ്ട്. ശനിയാഴ്ച വടകര കുടുംബ കോടതി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എന്നിവിടങ്ങളില്‍ സിറ്റിങ് നിര്‍ത്തിവെച്ചു. എന്നാല്‍, ഏറെ തിരക്കുള്ള എന്‍.ഡി.പി.എസ്, എം.എ.സി.ടി എന്നീ കോടതികളില്‍ സിറ്റിങ് മുറപോലെ നടക്കുന്നുണ്ട്. മറ്റു മൂന്നു കോടതികളില്‍ ന്യായാധിപന്മാര്‍ ഇല്ലാത്തതിനാല്‍ ദിവസങ്ങളായി സിറ്റിങ് നടക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.