തിരൂരങ്ങാടി: മലബാറിലെ പ്രസിദ്ധമായ മൂന്നിയൂർ കളിയാട്ടമുക്ക് അമ്മാഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ കോഴിക്കളിയാട്ട മഹോത്സവം സമാപിച്ചു. 17 ദിവസം നീണ്ട കളിയാട്ടത്തിന് ഇടവ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് തുടക്കം കുറിച്ചത്. സമാപന ദിനമായ വെള്ളിയാഴ്ച നാടിെൻറ വിവിധ ദേശങ്ങളിൽനിന്ന് പൊയ്ക്കുതിരകളുമായി ആയിരക്കണക്കിന് ഭക്തരാണ് രാവിലെ മുതൽ കളിയാട്ടക്കാവിലേക്കൊഴുകിയത്. ദേവീചരിതങ്ങൾ ഇടമുറിയാതെ പാടുന്ന കൊട്ടിപ്പാട്ടുകളാൽ ഗ്രാമം മുഴുവൻ ഉത്സവഛായയിലായിരുന്നു. ആചാരപ്രകാരം സാംബാവ മൂപ്പെൻറ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം കാവിലെത്തിയത്. തുടർന്ന് പൊയ്ക്കുതിര സംഘങ്ങൾ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. മൂന്നിയൂര്‍ ആലിന്‍ചുവട്ടില്‍ നിപ വൈറസ് ബാധിച്ച് യുവതി മരിക്കാനിടയായ സാഹചര്യത്തില്‍ ജില്ല കലക്ടറുടെയും ആരോഗ്യ വകുപ്പിെൻറയും ഭക്ഷ്യസുരക്ഷ വിഭാഗത്തിെൻറയും നേതൃത്വത്തില്‍ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഉത്സവത്തിനെത്തിയവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെങ്കിലും മതസൗഹാർദത്തിനും സാഹോദര്യത്തിനും പേരുകേട്ട ഉത്സവത്തിന് നിരവധിയാളുകളുടെ സാന്നിധ്യം ഉത്സവാന്തരീക്ഷം പകർന്നു. പ്രസിദ്ധമായ മമ്പുറം മഖാമിലും മുട്ടിച്ചിറ പള്ളിയിലും സന്ദർശനം നടത്തി കാണിക്ക നൽകിയാണ് പൊയ്ക്കുതിര സംഘങ്ങൾ ക്ഷേത്രത്തിലേക്ക് പുറപ്പെടുക. നിയന്ത്രണമുണ്ടെങ്കിലും കാർഷിക ഉൽപന്നങ്ങളുടെ വിപുലമായ ചന്ത നടന്നു. വിവിധയിനം വിത്തുകളും തൈകളും ചെടികളും വാങ്ങാൻ നിരവധി പേരാണ് എത്തിയത്. പൊയ്ക്കുതിരകളെ ദേവിക്കു മുന്നിൽ പൊഴിച്ച് ദുരിതമൊഴിഞ്ഞവരായി നല്ലൊരു മഴക്കാലത്തെ പ്രതീക്ഷിച്ചാണ് ഓരോരുത്തരും വീടുകളിലേക്ക് മടങ്ങിയത്. ഉത്സവത്തിനെത്തിയത് മാസ്ക് ധരിച്ച് തിരൂരങ്ങാടി: കോഴിക്കളിയാട്ട മഹോത്സവത്തിന് പലരുമെത്തിയത് മാസ്ക് ധരിച്ച്. മൂന്നിയൂര്‍ ആലിന്‍ചുവടില്‍ നിപ വൈറസ് ബാധിച്ച് യുവതി മരിക്കാനിടയായ സാഹചര്യത്തില്‍ ആളുകൾ ഇടകലരുന്നതും വൈറസ് പടരാതിരിക്കുന്നതിനുമായി ഉത്സവത്തിനെത്തുന്നവരുടെ എണ്ണം കുറക്കാൻ ആരോഗ്യ വകുപ്പിെൻറ കർശന നിർദേശമുണ്ടായിരുന്നു. പലരും സുരക്ഷയെന്നോണം മാസ്ക് ധരിച്ചും തൂവാലകൊണ്ട് മുഖം മറച്ചുമാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.