മാതൃക മെനുവായി; സ്കൂൾ ഉച്ചഭക്ഷണം ഇത്തവണ വിഭവസമൃദ്ധം

മഞ്ചേരി: അധ്യയന വർഷത്തി‍​െൻറ തുടക്കം മുതലേ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കാൻ പ്രധാനാധ്യാപകർക്കും വിദ്യാഭ്യാസ ഒാഫിസർമാർക്കും നിർദേശം. ഇതിനായി സർക്കാർ മാതൃക മെനുവും നൽകി. തിങ്കളാഴ്ച ചോറ്, പരിപ്പുകറി, കിച്ചടി, തോരൻ (ബീറ്റ്റൂട്ട്, കാരറ്റ്, കോവക്ക, പപ്പായ, കാബേജ് തുടങ്ങിയവയിൽ ഒന്ന്) ചൊവ്വാഴ് ചോറ്, എരിശ്ശേരി/പുളിശ്ശേരി, ചെറുപയർ/വൻപയർ തോരൻ, അവിയൽ, ബുധനാഴ്ച ചോറ്, സാമ്പാർ, മുട്ടക്കറി, (കുട്ടി ഒന്നിന് ഒരു മുട്ടവീതം) ഇലക്കറി, വ്യാഴാഴ്ച ചോറ്, പരിപ്പ് കറി, അവിയൽ, തോരൻ, (കാരറ്റ്, ബീൻസ്, മുരിങ്ങക്ക, പപ്പായ, കാബേജ് എന്നിവയിൽ ഒന്ന്) വെള്ളിയാഴ്ച ചോറ്, സാമ്പാറ്, ചെറുപയർ/വൻപയർ തോരൻ, ഇലക്കറികൾ (ചീര, മുരിങ്ങയില) എന്നിവയാണ് വിഭവങ്ങൾ. പ്രതിദിനം ഒരു കുട്ടിക്ക് ലഭിക്കേണ്ട ഭക്ഷണത്തി‍​െൻറ അളവും കലോറി മൂല്യവും പ്രോട്ടീൻ അളവും അടക്കം പുതുക്കിയ മാർഗനിർദേശങ്ങളാണ് നൽകിയത്. ലോവർ പ്രൈമറിയിൽ ദിവസം ഒരു കുട്ടിക്ക് 100 ഗ്രാം അരി, 30 ഗ്രാം പയർവർഗങ്ങൾ, ഇലവർഗങ്ങൾ ഉൾപ്പെടെ പച്ചക്കറി 50 ഗ്രാം, എണ്ണ, കൊഴുപ്പ്, തേങ്ങ അഞ്ച് ഗ്രാം വീതം എന്നിങ്ങനെ ലഭ്യമാവണം. യു.പിയിൽ ഇത് അരി 150 ഗ്രാം, പയർ വർഗങ്ങൾ 30 ഗ്രാം, ഇലർഗങ്ങൾ ഉൾപ്പെടെ പച്ചക്കറി 75 ഗ്രാം, എണ്ണയും കൊഴുപ്പും 7.5 ഗ്രാം, തേങ്ങ അഞ്ച് ഗ്രാം എന്നീ ക്രമത്തിലാണ് നൽകേണ്ടത്. എൽ.പി വിഭാഗത്തിൽ ഇവയിൽനിന്നെല്ലാംകൂടി ഒരു വിദ്യാർഥിക്ക് 532 കലോറിയും യു.പി വിഭാഗത്തിൽ 737 കലോറിയും ലഭിച്ചിരിക്കണം. ഉച്ചഭക്ഷണത്തോടൊപ്പം ഒരു കറിയും രണ്ട് വിഭവങ്ങളും നൽകണം. രസവും അച്ചാറും ഒഴിവാക്കണം. ഉച്ചഭക്ഷണമെനു അംഗീകരിച്ചത് പട്ടികയാക്കി സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം. ഫണ്ടി‍​െൻറ ലഭ്യതയനുസരിച്ച് മത്സ്യവും മാംസവും കുട്ടികളുടെ താൽപര്യം കണക്കിലെടുത്ത് നൽകാം. പാൽ, മുട്ട/നേന്ത്രപ്പഴം എന്നിവ ഏതെല്ലാം ദിവസങ്ങളിലാണ് വിതരണമെന്നതും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം. ഇ. ഷംസുദ്ദീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.