നടപ്പ് വർഷവും സ്പിൽ ഓവർ അനുവദിക്കില്ല; തദ്ദേശ സ്ഥാപനങ്ങൾക്ക് മറ്റൊരു ആഘാതം

മലപ്പുറം: 2018-19 സാമ്പത്തിക വർഷത്തേക്ക് സ്പിൽ ഓവറാവുന്ന പ്രവൃത്തികൾ സംബന്ധിച്ച് നേരത്തേ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കേണ്ടതില്ലെന്ന സംസ്ഥാനതല കോഓഡിനേഷൻ കമ്മിറ്റി തീരുമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കനത്ത ആഘാതമാവും. 2015-16, 2016-17 വർഷങ്ങളിൽ പൂർത്തിയാക്കാത്ത നിരവധി പദ്ധതികൾ സ്പിൽ ഓവറായി കണക്കാക്കാനാവില്ലെന്ന് നേരത്തേതന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. പോയ വർഷത്തെയെങ്കിലും പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കോഓഡിനേഷൻ കമ്മിറ്റി തീരുമാനം വന്നിരിക്കുന്നത്. ഇതുവഴി കോടികളുടെ അധിക ബാധ്യതയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് സംഭവിക്കാനിരിക്കുന്നത്. ജില്ല പഞ്ചായത്തിന് മാത്രം 17 കോടി രൂപയുടെ നഷ്ടമുണ്ടാവും. 2017-18ൽ കരാർവെക്കാത്ത പ്രവൃത്തികളൊന്നും 2018-19ലേക്ക് സ്പിൽ ഓവറായി അനുവദിക്കില്ലെന്നും തുടരണം എന്ന് ഭരണസമിതി തീരുമാനിച്ചാൽ നടപ്പ് വർഷത്തെ പണം നീക്കിവെക്കേണ്ടി വരുമെന്നുമായിരുന്നു സർക്കാർ പുറപ്പെടുവിച്ച ഉത്തരവ്. ഇത് വലിയ പ്രതിഷേധത്തിന് കാരണമാവുകയും സംസ്ഥാനത്തെ മുഴുവൻ പ്രാദേശിക സർക്കാരുകളും ജില്ല ആസൂത്രണ സമിതികൾ അംഗീകരിച്ച എല്ലാ പദ്ധതികളും സ്പിൽ ഓവർ ആയി തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ കുറവ്, എൻജിനീയർമാരുടെ അഭാവം, കരാറുകാർ ടെൻഡർ എടുക്കാൻ വിമുഖത കാണിച്ചത് മൂലമുള്ള പ്രയാസം തുടങ്ങിയ കാരണങ്ങളാലാണ് നിരവധി പദ്ധതികൾ കരാർ െവക്കുന്ന ഘട്ടത്തിലേക്ക് എത്താതിരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുകയുണ്ടായി. 2015-16, 2016-17 വർഷങ്ങളിലെ പദ്ധതികൾ സ്പിൽ ഓവറായി അംഗീകരിക്കാത്തതിനാൽ 10ഉം 2017-18ലെതിൽ ഏഴും കോടി രൂപയാണ് ജില്ല പഞ്ചായത്തിന് അധിക ബാധ്യതയാവുന്നത്. അനുവദിച്ച തുക നഷ്ടപ്പെട്ടതോടെ പുതിയതിൽനിന്ന് കണ്ടെത്താൻ നിർബന്ധിതമാവുകയാണ് ഭരണസമിതി. ബജറ്റും വാർഷിക പദ്ധതിയും അട്ടിമറിക്കപ്പെടാനുള്ള സാഹചര്യം വരെ തീരുമാനം മൂലമുണ്ടാവുമെന്നാണ് ഇവർ പറയുന്നത്. 2015-16, 2016-17 വർഷങ്ങളിലെ 67 പദ്ധതികൾ ഉപേക്ഷിച്ചിട്ടും ഇതാണ് സ്ഥിതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.