കാളികാവ് അങ്ങാടി നവീകരണം പുനരാരംഭിക്കാത്തതിനെതിരെ നാട്ടുകാർ രംഗത്ത്

കാളികാവ്: അങ്ങാടി നവീകരണം പുനരാരംഭിക്കാത്തതിനെതിരെ കാളികാവിൽ നാട്ടുകാർ രംഗത്ത്. ചെത്തുകടവ് റോഡിൽ നവീകരണത്തിനായി വിട്ടുനൽകിയ സ്ഥലം കച്ചവടക്കാർ തിരിച്ച് പിടിക്കാനൊരുങ്ങുന്നു. 13 മീറ്റർ വീതിയിൽ ടാറിങ് നടത്തി അങ്ങാടി നവീകരിക്കുമെന്ന വാഗ്ദാനം നടപ്പാക്കാത്തതാണ് പ്രശ്നം. പൊലീസ് സ്റ്റേഷന്‍, നീലാഞ്ചേരി, ചെത്തുകടവ് ഭാഗത്തേക്കുള്ള റോഡി​െൻറ നവീകരണമാണ് പാതിവഴിയില്‍ മുടങ്ങിയത്. വീതികുറച്ചാണ് റോഡ് പണി നടത്തുന്നതെന്ന് ആരോപിച്ച് നാട്ടുകാര്‍ പണി തടസ്സപ്പെടുത്തിയിരുന്നു. ഇതോടെ ആ ഭാഗം ടാറിങ് നടത്താതെ കരാറുകാർ പണി നിർത്തിവെച്ചു. റോഡ് പണി ആരംഭത്തില്‍തന്നെ ഏറെ വിവാദങ്ങള്‍ നടന്നിരുന്നു. നിരവധി തവണ റോഡ് പണി തടസ്സപ്പെട്ടു. 14 മീറ്റര്‍ വീതിയിൽ കാളികാവ് അങ്ങാടി നവീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചില എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെയാണ് 13 മീറ്റര്‍ വീതികൂട്ടി പണി തുടങ്ങിയത്. എന്നാൽ, ഏഴ് മുതൽ 11 മീറ്റർ വീതിയിൽ മാത്രമാണ് ടാറിങ് നടത്തിയിരിക്കുന്നത്. ചെത്തുകടവ് ഭാഗത്തേക്ക് അഞ്ച് മീറ്റർ പോലും വീതിയില്ലെന്നാണ് ആരോപണം. ചെത്തുകടവ് റോഡി​െൻറ ടാറിങ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ച എസ്റ്റിമേറ്റിലില്ലെന്നാണ് വിശദീകരണം. എന്നാല്‍, ഈ ഭാഗത്ത് വീതി കൂട്ടാനായി വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുകയും കെട്ടിടഭാഗങ്ങള്‍ പൊളിക്കുകയും ചെയ്തിരുന്നു. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. റോഡ് വീതികൂട്ടി പണിയുന്നതിന് വേണ്ടി പൊളിച്ച കെട്ടിടങ്ങൾ പൂർവസ്ഥിതിയിലേക്ക് മാറ്റാനൊരുങ്ങുകയാണ് പ്രദേശത്തെ കച്ചവടക്കാർ. കാളികാവ്-നീലാഞ്ചേരി റോഡ് നവീകരിച്ചപ്പോഴും ചെത്തുകടവ് പാലം അപ്രോച്ച് റോഡ് പണി പൂർത്തിയാക്കിയപ്പോഴും അങ്ങാടിയോട് ചേർന്ന ഭാഗം ഒന്നും ചെയ്തില്ല. കാളികാവ് ജങ്ഷൻ മുതൽ പഴയപാലം ഉൾെപ്പടെ ഭാഗവും നവീകരിക്കാതെ കിടക്കുകയാണ്. ഇതിനെല്ലാം പുറമെ ടെലിഫോൺ കേബിളുകളുടെ ചാലുകളും പൈപ്പ് ലൈനിലെ ചോർച്ചകളും കാളികാവ് അങ്ങാടി നവീകരണത്തിന് പ്രതിസന്ധികൾ സൃഷ്ടിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.