സെപ്റ്റംബർ ഒന്ന് മുതൽ പാലക്കാട് ജില്ലയിൽ ഓക്സിടോസിൻ വിൽപന നിരോധിക്കും പാലക്കാട്: ക്ഷയരോഗത്തിനുള്ള (ടി.ബി) മരുന്നുകളുടെ ദുരുപയോഗം തടയാൻ കർശന നടപടികളുമായി ഡ്രഗ്സ് കൺട്രോൾ അധികൃതർ. എച്ച് വൺ മരുന്നുകൾ (ക്ഷയരോഗത്തിന് നൽകുന്നവ) രജിസ്റ്ററിൽ സൂക്ഷിക്കാത്ത മെഡിക്കൽ ഷോപ്പുകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് അസി. ഡ്രഗ്സ് കൺേട്രാൾ ഓഫിസർ പി.എം. ജയൻ പറഞ്ഞു. ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുകൾ നൽകുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. ക്ഷയരോഗത്തിനുള്ള മരുന്നുൾപ്പെടെ പലതും വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനാൽ ഷെഡ്യൂൾഡ് എച്ച് വൺ രജിസ്റ്ററിൽ രോഗി, ഡോക്ടർ, മരുന്ന് എന്നിവയുടെ പേരും നൽകിയ മരുന്നിെൻറ എണ്ണവും രേഖപ്പെടുത്തണം. ഒരു കുറിപ്പുപയോഗിച്ച് വീണ്ടും മരുന്ന് വാങ്ങാതിരിക്കാൻ കുറിപ്പിൽ മരുന്ന് നൽകിയതായി രേഖപ്പെടുത്തണം. മെഡിക്കൽ ഷോപ്പുകൾ അവർക്ക് ലഭിക്കുന്ന ക്ഷയരോഗ മരുന്നുകളുടെ കുറിപ്പ് ജില്ല ടി.ബി ഓഫിസർക്ക് കൈമാറണം. ജില്ല ടി.ബി ഓഫിസർ മാസത്തിൽ ഒരുതവണ മെഡിക്കൽ ഷോപ്പുകൾ സന്ദർശിച്ച് വസ്തുതകൾ വിലയിരുത്തും. 46 തരം മരുന്നുകളാണ് ക്ഷയരോഗത്തിനുള്ളത്. സെപ്റ്റംബർ ഒന്ന് മുതൽ പാലക്കാട് ജില്ലയിലെ എല്ലാ മെഡിക്കൽ ഷോപ്പുകളിൽനിന്നും ഓക്സിടോസിൻ ഒഴിവാക്കണമെന്ന് ജില്ല ഡ്രഗ്സ് ഇൻസ്പെക്ടർ എം.സി. നിഷിത് അറിയിച്ചു. പാലുൽപാദനം വർധിപ്പിക്കാനും മറ്റും ഓക്സിടോസിൻ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനാലാണ് നടപടി. മരുന്നുകൾ അവയിൽ രേഖപ്പെടുത്തിയിട്ടുള്ള താപനിലയിൽതന്നെ സൂക്ഷിക്കണം. കൂടാതെ ബാച്ച് നമ്പർ, കാലാവധി എന്നിവ കൃത്യമായി രേഖപ്പെടുത്തുകയും പർച്ചേസ് ഓർഡർ മൂന്നുവർഷം വരെ സൂക്ഷിക്കുകയും വേണം. മെഡിക്കൽ ഷോപ്പിൽ നടത്തുന്ന പരിശോധനയിൽ പർച്ചേസ് ബിൽ ഹാജരാക്കാതിരുന്നാൽ ആറുമാസം വരെ തടവ് ലഭിക്കുന്ന കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല ഡ്രഗ്സ് ഇൻസ്പെക്ടർ ഓഫിസിെൻറ ആഭിമുഖ്യത്തിൽ ജില്ല ടി.ബി സെൻററുമായി ചേർന്ന് അലോപ്പതി ഔഷധ ചില്ലറ വ്യാപാരികൾക്കും ഫാർമസിസ്റ്റുകൾക്കുമായി നടത്തിയ ക്ഷയരോഗ മരുന്നുകളുടെ വിപണനം സംബന്ധിച്ച ബോധവത്കരണ ക്ലാസിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.